തിരുവനന്തപുരം: വിദ്യാരംഭ ദിവസത്തിൽ അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി ശബരിമലയിൽ എത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയുടെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരത്തെ മുരിക്കുംപുഴയിലെ വീടിന്റെ ജനാലകൾ കല്ലെറിഞ്ഞു തകർത്തു. മേരിയുടെ കഴക്കൂട്ടത്തെ വീട്ടിൽ ബി.ജെ.പി- കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തെ തുടർന്ന് രണ്ട് വീടിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ പൊലീസ് സുരക്ഷയിൽ മലകയറിയ രഹ്നാ ഫാത്തിമയും കവിതയും തിരിച്ചിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷയായി മേരി സ്വീറ്റി പൊലീസിനെ സമീപിച്ചത്. എന്നാൽ സന്നിധാനത്തേക്ക് പോകുന്നത് ഇപ്പോൾ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാൻ തങ്ങൾക്ക് പരിമിതികളുണ്ടെന്നും പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തിൽ പിന്തിരിയാൻ ഇവർ തയ്യാറായില്ല. ഇതിനിടയിൽ ശരണം വിളികളുമായി ഭക്തർ തടിച്ചുകൂടിയതോടെ ഇവർ പിന്തിരിയുകയായിരുന്നു.