metoo

മുംബയ് : മീ ടൂ ക്യാംപയിനിൽ കുടുങ്ങി ജോലി നഷ്ടമായ സെലിബ്രിറ്റി മാനേജർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാൻ എന്റർറ്റെയിൻമെന്റിന്റെ സ്ഥാപകരിലൊരാളായ അനിർബൻ ദാസ് ബ്ളായാണ് ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞദിവസം അർദ്ധരാത്രി 12.30 മണിയോടെ മുംബൈയിലെ വാഷി പാലത്തിൽ വെച്ച് പൊലീസാണ് ഇയാളുടെ ആത്മഹത്യാശ്രമം തടഞ്ഞത്. തുടർന്ന് സ്‌റ്റേഷനിലെത്തിച്ച ഇയാളെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തി കൈമാറുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

മീ ടൂ ക്യാംപയിന്റെ ഭാഗമായി നിരവധി സ്ത്രീകൾ അനിർബനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രംഗത്ത് എത്തിയതിനെ തുടർന്ന് ജോലിയിൽ തുടരേണ്ടതില്ലെന്ന് ക്വാൻ എന്റർറ്റെയിൻമെന്റ് അനിർബനെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നു. ജോലിക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. മീ ടൂ ക്യാംപയിനെ ഞങ്ങൾ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്നും ക്വാൻ എന്റർറ്റെയിൻമെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. പ്രമുഖ അഭിനേതാക്കളായ റൺബീർ കപൂർ, ഹൃത്വിക് റോഷൻ, ടൈഗർ ഷിറോഫ്, ദീപിക പദുകോൺ, സോനം കപൂർ, ശ്രദ്ധ കപൂർ, ജാക്വിലിൻ ഫെർണാണ്ടസ് തുടങ്ങിയവരെ മാനേജ് ചെയ്യുന്ന സ്ഥാപനമാണ് ക്വാൻ എന്റർറ്റെയിൻമെന്റ്.