amma-press-meet

കൊച്ചി: താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ മോഹൻലാലിന്റെ നേതൃത്വത്തിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനം ഏറെ നാടകീയമായ രംഗങ്ങളാൽ നിറഞ്ഞു നിന്നു. സംഘടനയ്‌ക്കുള്ളിലെ പടലപിണക്കങ്ങളിൽ താൻ ഏറെ അസ്വസ്ഥനാണെന്ന് ലാലിന്റെ ശരീരഭാഷയിൽ നിന്ന് വ്യക്തമായിരുന്നു. മാദ്ധ്യമങ്ങളോടുള്ള നീരസവും താരത്തിന്റെ ചേഷ്‌ടകളിൽ നിഴലിച്ചിരുന്നു.

വാർത്താ സമ്മേളനം കളിഞ്ഞ് മറ്റ് അംഗങ്ങളെല്ലാം എഴുന്നേറ്റിട്ടും മോഹൻലാൽ കസേരയിൽ തന്നെ ഇരിക്കുകയായിരുന്നു. 'നിറുത്തുവല്ലേ' എന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു ചോദിച്ചപ്പോൾ, മാദ്ധ്യമ പ്രവർത്തകരെ ചൂണ്ടി, 'ഇവർക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കട്ടെ എന്നിട്ട് ഞാൻ എഴുന്നേൽക്കാം' എന്നാണ് ലാൽ പറഞ്ഞത്. 'ലാൽ എഴുന്നേൽക്കാം' എന്ന് ജഗദീഷ് പറഞ്ഞപ്പോൾ 'അവര് പോകട്ടെ' എന്നുപറഞ്ഞ് അവിടെ തന്നെ ഇരുന്നു.

lal-press-meet

പൊതുവെ ശാന്തനായി ചോദ്യങ്ങളെ കേൾക്കുന്ന മോഹൻലാൽ ഇന്ന് വാർത്താസമ്മേളനത്തിലുടനീളം അക്ഷമനായിരുന്നു. പലപ്പോഴും പുരികം ഉഴിഞ്ഞും, മുഖം പൊത്തിയുമൊക്കെയായിരുന്നു അമ്മയുടെ പ്രസിഡന്റിനെ കാണാൻ കഴിഞ്ഞത്. ഇരുവശങ്ങളിലായി ഇരുന്ന ജഗദീഷിന്റെയും ഇടവേള ബാബുവിന്റെയും കസേരകളിൽ കൈപിടിച്ചിരുന്നു. ഇടയ്‌ക്ക് തോളിൽ കയ്യിട്ടു. പലരും പല അഭിപ്രായങ്ങൾ പറയുന്ന സാഹചര്യത്തിൽ അമ്മയിൽ നിന്ന് ആരുപറയുന്നത് വിശ്വസിക്കണമെന്ന ചോദ്യത്തിന് തലയാട്ടലായിരുന്നു മറുപടി.

എല്ലാ വിവാദങ്ങളും വ്യക്തിപരമായി തന്റെ നേർക്ക് നീളുന്നതിൽ വിഷമമുണ്ടെന്ന് ലാൽ പ്രതികരിച്ചു. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ സംതൃപ്‌തനല്ലെന്നും, തന്നെ എല്ലാവർക്കും ആവശ്യമുണ്ടെങ്കിൽ മാത്രമെ ആ പദവിയിൽ തുടരുകയുള്ളുവെന്നും വ്യക്തമാക്കി. ഒടുവിൽ 'കഴിഞ്ഞോ' എന്ന് ചോദിച്ച് മാദ്ധ്യമപ്രവർത്തകരിൽ ചിലരുടെ തോളിൽ തട്ടി താരം നടന്നു നീങ്ങുകയായിരുന്നു.