rahna-fathima

പമ്പ: ആന്ധ്ര സ്വദേശിയും മാദ്ധ്യമ പ്രവർത്തകയുമായ കവിത, എറണാകുളം സ്വദേശിയും ചുംബന സമര നായികയുമായ രഹ്ന ഫാത്തിമ എന്നിവരെ ശബരിമലയിലേക്ക് കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയുന്ന 200 പേർക്കെതിരെയാണ് സന്നിധാനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയൽ, പൊലീസിന്റെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടക്കുന്നതിനിടെ ശേഖരിച്ച വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ഉടൻ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, രണ്ട് ദിവസമായി ശബരിമലയിലും പരിസരത്തും തുടരുന്ന നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി.

ഐ.ജി എസ്.ശ്രീജിത്ത്, എസ്.പി ദേവേഷ് കുമാർ ബെഹ്‌റ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വരുന്ന സായുധ പൊലീസിന്റെ സംരക്ഷണയിലാണ് കവിതയും രഹ്നയും മല കയറാൻ ആരംഭിച്ചത്. എന്നാൽ വിവരം അറിഞ്ഞ് അഞ്ഞൂറിലധികം വിശ്വാസികൾ വലിയനടപ്പന്തലിന്റെ പ്രവേശന കവാടത്തിൽ ശരണംവിളിയുമായി പ്രതിഷേധിക്കുകയായിരുന്നു.

പമ്പയിൽ നിന്നെത്തിയ പൊലീസ് ഹെൽമെറ്റ്, ഷീൽഡ്, ലാത്തി തുടങ്ങി സർവസന്നാഹങ്ങളുമായാണ് മുന്നേറിയത്. ഒപ്പം ശബരിമലയിലുള്ള മുന്നൂറോളം പൊലീസുകാരും സജ്ജരായിരുന്നു. എന്തും സംഭവിക്കാമെന്ന അവസ്ഥ സംജാതമായതോടെ പൊലീസ് യുവതികളെ ഫോറസ്റ്റ് ഐ.ബിയേക്ക് മാറ്റുകയായിരുന്നു. സംഘർഷം ഉടലെടുത്തതോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഐ.ജി ശ്രീജിത്തിനെ ഫോണിൽ വിളിച്ച് ശ്രമത്തിൽ നിന്ന് പിന്തിരിയാൻ നിർദ്ദേശിക്കുകയായിരുന്നു.തുടർന്ന് കനത്ത സുരക്ഷയിൽ 12.30ഓടെ ഇവർ തിരിച്ചെത്തുകയായിരുന്നു.