രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ ആസ്ട്രേലിയയെ 375 റൺസിന് കീഴടക്കി
ടെസ്റ്റ് പരമ്പര പാകിസ്ഥാന്, പേസർ മൊഹമ്മദ് അബ്ബാസ് വിജയ ശില്പി
ദുബായ്: ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്ഥാന് 373 റൺസിന്റെ തകർപ്പൻ ജയം. റൺ അടിസ്ഥാനത്തിൽ പാകിസ്ഥാന്റെ ഏറ്രവും വലിയ ജയമാണിത്. ടെസ്റ്റിന്റെ നാലാംദിനമായ ഇന്നലെ പാകിസ്ഥാനുയർത്തിയ 538 റൺസിന്റെ കൂറ്രൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആസ്ട്രേലിയ പേസർ മുഹമ്മദ് അബ്ബാസ് നയിച്ച പാക് ബൗളിംഗ് ആക്രമണത്തിന് മുന്നിൽ തകർന്ന് 164 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.ആസ്‌ട്രേലിയയുടെ രണ്ടിന്നിംഗ്സിലും 5 വിക്കറ്റ് വീതം വീഴ്ത്തിയ അബ്ബാസാണ് മാൻ ഒഫ്ദ മാച്ചും മാൻ ഒഫ് ദ സീരിസും. സ്കോർ : പാകിസ്ഥാൻ 282/10, 400/9 ഡിക്ലയേർഡ്. ആസ്ട്രേലിയ 145/10, 164/10. ഇതോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര പാകിസ്ഥാൻ 1-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. പാകിസ്ഥാനുയർത്തിയ വമ്പൻ വിജയ ലക്ഷ്യം പിന്തുടർന്ന് 47/1 എന്ന നിലയിൽ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ആസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡിന്റെ വിക്കറ്രാണ് (36) ആദ്യം നഷ്ടമായത്. ഹെഡിനെ അബ്ബാസ് പകരക്കാരൻ ഫീൽഡർ മൊഹമ്മദ് റിസ്‌വാന്റെ കൈയിൽ എത്തിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ മിച്ചൽ മാർഷ് (5), ആരോൺ ഫിഞ്ച് (31) എന്നിവരെ വിക്കറ്റിന് മുന്നിൽ കുടുക്കിയും ടിം പെയ്‌നെ (0) ക്ലീൻ ബൗൾഡാക്കിയും അബ്ബാസ് ഓസീസിനെ 78/5 എന്ന നിലയിലാക്കി. നൂറ് പോലും കടക്കുമോയെന്ന പ്രതിസന്ധിയിലായിരിക്കെ ലബുസ്ചാംഗെയും (43), മിച്ചൽ സ്റ്റാർക്കും (28) അല്പനേരം പിടിച്ച് നിന്ന് ഓസസീസിനെ വൻ നാണക്കേടിൽ നിന്ന് കരകയറ്റി. എന്നാൽ ടീം സ്‌കോർ 145ൽ വച്ച് സ്റ്റാർക്കിനെ വിക്കറ്റിന് മുന്നിൽ കുടുക്കി യാസിർ ഷാ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. പിന്നീട് സിഡിലും (3), ഹോളണ്ടും (6) യാസിർ ഷായ്ക്കും ലബുസ്ചാംഗെ അബ്ബാസിനും വിക്കറ്റ് സമ്മാനിച്ചതോടെ ഓസീസ് തോൽവി സമ്മതിക്കുകയായിരുന്നു. നാഥാൻ ലിയോൺ 6 റൺസുമായി പുറത്താകാതെ നിന്നു. പരിക്കേറ്റ ഉസ്മാൻ ഖവേജ ബാറ്റ് ചെയ്യാനിറങ്ങിയില്ല. ഒന്നാം ടെസ്റ്റിൽ തോൽവിക്കരികിൽ നിന്ന് ഖവേജ നടത്തിയ ചെറുത്ത് നില്പായിരുന്നു മത്സരം സമനിലയാക്കാൻ ഓസീസിനെ പ്രഥാനമായും സഹായിച്ചത്. അബ്ബാസിനെക്കൂടാതെ യാസിർ ഷാ പാകിസ്ഥാനായി മൂന്ന് വിക്കറ്ര് വീഴ്ത്തി.