മീടു വിവാദത്തിൽ ഗുരുതര ആരോപണം നേരിടുന്ന നടൻ അലൻസിയറിനെതിരെ സംവിധായകൻ ആഷിക് അബു രംഗത്ത്. സ്വഭാവ ദൂഷ്യം അലങ്കാരമായി കൊണ്ടു നടക്കുന്ന ഒരാളൊപ്പം പ്രവർത്തിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നുവെന്നാണ് ആഷിക് അബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. അലൻസിയറിനെതിരെ ആരോപണം ഉന്നയിച്ച നടി ദിവ്യാഗോപിനാഥിന് പിന്തുണ നൽകാനും ആഷിക് മറന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
'നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങൾ !'