വാഷിംഗ്ടൺ: സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി അതിശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കി. ആഗോള തലത്തിൽ സൗദിക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് യു.എസിന്റെ ഭീഷണി.
സൗദി, തുർക്കി സന്ദർശനത്തിനുശേഷം തിരിച്ചെത്തിയ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി ചർച്ച നടത്തിയതിനുശേഷമാണ് ട്രംപിന്റെ പ്രതികരണം. ഈസ്താംബുളിലെ സൗദി അറേബ്യൻ കോൺസുലേറ്റിലേക്ക് കടന്ന ഖഷോഗിയെ ഒക്ടോബർ രണ്ടു മുതലാണ് കാണാതായത്. ഖഷോഗി സൗദി കോൺസുലേറ്രിൽ വച്ച് ക്രൂരമായി കൊല്ലപ്പെട്ടെന്നാണ് തുർക്കി അന്വേഷണ സംഘവും അമേരിക്കൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. ഖഷോഗിയെ വധിച്ചതിനു പിന്നിൽ സൗദി ആണെങ്കിൽ ഏത് തരത്തിലുള്ള പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരികയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അത് വളരെ കടുത്തതായിരിക്കും എന്നാണ് ട്രപ് മറുപടി നൽകിയത്. സംഭവത്തിൽ മൂന്ന് വ്യത്യസ്ത അന്വേഷണങ്ങൾ നടന്നുവരികയാണ്. അതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. ഫലം ലഭിച്ചാൽ ഉടൻ കൃത്യമായ മറുപടി നൽകാമെന്നും ട്രംപ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സൗദി ഉറപ്പു നൽകിയെന്നും അന്വേഷണം പൂർത്തിയാക്കാൻ അവർക്ക് കുറച്ച് ദിവസം കൂടി നൽകണമെന്നും ട്രംപിനോട് അഭ്യർത്ഥിച്ചതായി മൈക്ക് പോംപിയോ വ്യക്തമാക്കി. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തുർക്കിയുടെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന ശബ്ദ ശകലം കേട്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ പോപിയോ തയ്യാറായില്ല.
ഇതിനിടെ, ഖഷോഗിയുടെ കൊലപാതകത്തിൽ സൗദിക്ക് പങ്കെല്ലെന്ന് തെളിയും വരെ അവരുമായുള്ള അമേരിക്കയുടെ ആയുധ ഇടപാട് പൂർണമായി നിരോധിച്ചുകൊണ്ട് നിയമം നിർമ്മിക്കണമെന്ന് പാർലമെന്റിൽ ജിം മക്ഗവേണിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
വിവിധ ഇന്റലിജൻസ് ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് ഖഷോഗി കൊല്ലപ്പെട്ടു. വളരെ ദാരുണമാണ് ആ സംഭവം.
- ഡൊണാൾഡ് ട്രംപ്