തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരിച്ച് നടിയും ആക്ടിവിസ്റ്റുമായി അരുന്ധതി രംഗത്ത്. പതിനാല് വയസുവരെ ഭക്തയായിരുന്നെന്നും എരുമേലിയിൽ പോയി 41 ദിവസം വ്രതം നോക്കി അഞ്ച് പ്രാവശ്യം മല ചവിട്ടിയിട്ടുണ്ടെന്നും ഇനി മലകയറാൻ ഉദ്ദേശിക്കുന്നില്ലെന്നും അരുന്ധതി പറഞ്ഞു. അവിശ്വാസിയായ ചുംബന സമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആർ.എസ്.എസിന് വെടിമരുന്നിട്ടു കൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാൻ എന്റെ ശബരിമല പ്രവേശനത്തിന് സാധിക്കില്ലെന്നും അരുന്ധതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയിൽ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്.
ഇപ്പോൾ റാന്നിയിലെ വീട്ടിലുണ്ട്. മല കയറാൻ ഉദ്ദേശിക്കുന്നില്ല. ''അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി'' എന്ന് ആർ.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാൻ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.
ഇത് കൃഷ്ണപിള്ളയുടെ കാലമല്ല. നിയമം തുല്യതക്കൊപ്പമാണ്. നാട് കത്താൻ സാധ്യതയുള്ള സന്ദർഭത്തിൽ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്.