ബിക്കാനീർ: അതിർത്തിയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നൂതനസാങ്കേതിക വിദ്യകൾ പ്രാവർത്തികമാക്കാൻ ഇന്ത്യ തയ്യാറാവുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതോടെ ദിവസം മുഴുവൻ സൈനികർ അതിർത്തിയിൽ കാവൽ നിൽക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി സുരക്ഷയിൽ നാഴികക്കല്ലാകുന്ന ഇന്റഗ്രേറ്റഡ് ബോർഡർ മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ആദ്യഘട്ടമായി പദ്ധതി ജമ്മുവിൽ പരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ബി.എസ്.എഫ് ജവാന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലുള്ള കമാൻഡ് ആൻഡ് കൺട്രോൾ റൂമിലിരുന്ന് കാര്യങ്ങൾ പൂർണമായും നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അതിർത്തികളിൽ വേലികെട്ടി കാവൽ നിൽക്കുക പൂർണമായും ഫലവത്തായെന്ന് വരില്ല. പിന്നീട് അവ തകരാറിലായെന്ന് വരാം. എന്നാൽ പുതിയ സംവിധാനം പൂർണമായ അതിർത്തി സുരക്ഷ ഉറപ്പ് നൽകുന്നതാണ്. ആയുധപൂജയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.