ഒഡെൻസെ (ഡെൻമാർക്ക്): ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൈന നെഹ്‌വാളും കെ.ശ്രീകാന്തും തകർപ്പൻ ജയങ്ങളുമായി ക്വാർട്ടറിൽ എത്തി. സൈന പ്രീക്വാർട്ടറിൽ ലോക രണ്ടാം നമ്പർതാരം ജപ്പാന്റെ അകെനെ യാമഗുച്ചിയെ വീഴ്ത്തിയപ്പോൾ പുരുഷൻമാരുടെ പ്രീക്വാർട്ടറിൽ ചൈനീസ് ഇതിഹാസ താരം സാക്ഷാൽ ലിൻ ഡാനെ കീഴടക്കിയാണ് ശ്രീകാന്ത് ക്വാർട്ടർ ഉറപ്പിച്ചത്.
വെറും 36 മിനിറ്ര് മാത്രം നീണ്ട പോരാട്ടത്തിൽ യാമഗുച്ചിയെ നേരിട്ടുള്ള സെറ്രുകളിൽ 21-15, 21-17നാണ് സൈന വീഴ്ത്തിയത്. ഇതുവരെ എട്ടുതവണ മുഖാമുഖം വന്നതിൽ ഇതിൽ രണ്ടാം തവണയാണ് സൈന യാമഗുച്ചിയെ തോൽപ്പിക്കുന്നത്. ജപ്പാന്റെ തന്നെ നൊസോമി ഒകുഹാരയാണ് ക്വാർട്ടറിൽ സൈനയുടെ എതിരാളി.
പുരുഷ സിംഗിൾസിൽ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് അഞ്ച് തവണ ലോകചാമ്പ്യനും രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനുമായ ലിൻ ഡാനെ ശ്രീകാന്ത് വീഴ്ത്തിയത്. ആദ്യ ഗെയും നഷ്ടമാക്കിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി ശ്രീകാന്തിന്റെ വിജയം.സ്കോർ: 18-21, 21-17, 21-16. ഇത് രണ്ടാം തവണയാണ് ശ്രീകാന്ത് ലിൻ ഡാനെ വീഴ്ത്തുന്നത്. 2014ലെ ചൈന ഓപ്പണിലായിരുന്നു ശ്രീകാന്ത് ആദ്യമായി ലിൻ ഡാനെ വീഴ്ത്തിയത്. ക്വാർട്ടറിൽ മറ്രൊരിന്ത്യൻ താരം സമീർ വർമ്മയാണ് ശ്രീകാന്തിന്റെ എതിരാളി.