ജയ്‌പൂർ: രാജസ്ഥാനിൽ 109 പേർക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാന മെഡിക്കൽ ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ കണക്ക് പ്രകാരം ഇന്നലെ ഒൻപത് പേർക്കു കൂടി അസുഖം സ്ഥിരീകരിച്ചു. 91 പേരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജയ്‌പൂരിന് സമീപം ശാസ്ത്രി നഗറിലാണ് കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സെപ്തംബർ 21നാണ് സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ജയ്‌പൂലെ ശാസ്ത്രിനഗറിൽ 85 കാരിക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. പകൽ സമയത്ത് കടിക്കുന്ന ഈഡിസ് ഇൗജിപ്തി കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. പനിയോടൊപ്പം വരുന്ന സന്ധിവേദന, ശരീരത്തിലെ ചുവന്ന തടിപ്പ്, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം നിലവിൽ സിക്കയ്ക്ക് മരുന്നുകൾ കണ്ടെത്തിയിട്ടില്ല.
സിക്ക ഇന്ത്യയിൽ
ആദ്യം റിപ്പോർട്ട് ചെയ്തത്: അഹമ്മദാബാദ് 2017 ജനു.
രണ്ടാമത്: കൃഷ്ണഗിരി (തമിഴ്നാട്) 2017 ജൂലായ്