തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പരിശീലകർക്കുള്ള ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായ ബാഡ്മിന്റൺ പരീശീലകൻ മുരളീധരന് ഇത് അർഹതയ്ക്കുള്ള അംഗീകാരമായി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കളിക്കാരനായും പരിശീലകനായും സംഘാടകനായും ഭാരവാഹിയായും ബാഡ്മിന്റൺ രംഗത്ത് നിറസാന്നിധ്യമായ കാലിക്കറ്റ് യൂണിവേഴ്സിറ്രിയിലെ കായിക വിഭാഗം മുൻ മേധാവി കൂടിയായ മുരളീധരൻ കേരളബാഡ്മിന്റണ് നൽകിയ സംഭാവന വളരെ വലുതാണ്. 1964 -71 കാലഘട്ടങ്ങളിൽ സംസ്ഥാന ചാമ്പ്യനായിരുന്ന മുരളീധരനാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യ മലയാളി താരം. 1968ലാണ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച് മുരളീധരൻ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തത്.
1971 മുതൽ പരിശീലന രംഗത്തേക്ക് കടന്ന അദ്ദേഹം നിരവധി പ്രതിഭകളെ കണ്ടെടുത്ത് കൈപിടിച്ച് ഉയരങ്ങളിലേക്ക് നടത്തി. നിരവധി തവണ ഇന്ത്യൻ പരിശീലകനായി അന്താരാഷ്ട്ര മത്സരങ്ങളിൽ ടീമിനെ കളത്തിലിറക്കി.
ജോർജ് തോമസ്, ജസീൽ പി.ഇസ്മയിൽ തുടങ്ങിയ സൂപ്പർ താരങ്ങളെ കണ്ടെത്തിയത് മുരളീധരനാണ്. തുടർന്ന് അംപയറായും റഫറിയായും വ്യക്തി മുദ്രപതിപ്പിച്ച മുരളീധരൻ നിലവിൽ ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റാണ്. മലപ്പുറം ചേന്നക്കലാണ് മുരളീധരന്റെ താമസം.