തൃശൂർ: കനേഡിയൻ കോടീശ്വരനായ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർഫാക്സ് ഇന്ത്യയ്ക്ക്
കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ കൈമാറുന്ന പ്രക്രിയ പൂർത്തിയായതായി ബാങ്ക് അധികൃതർ അറിയിച്ചു.
18 മാസം കൊണ്ടായിരിക്കും ബാങ്കിന്റെ ഓഹരികൾ ഘട്ടംഘട്ടമായി ഫെയർഫാക്സിന്റെ ഉടമസ്ഥതയിലാകുക.
ഓഹരികളുടെ നിർണായകമായ ഒരു ഭാഗം ഏറ്റെടുത്തു കൊണ്ടുള്ള ഫെയർഫാക്സിന്റെ കടന്നുവരവ് ബാങ്കിന്റെ സേവനങ്ങൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് വഴിയൊരുക്കും. ഭാവിയിലെ വളർച്ചയെയും സഹായിക്കും. ഓഹരി കൈമാറ്റത്തിലൂടെ ലഭിക്കുന്ന ഫണ്ട് വഴി ബാങ്കിന്റെ ഇന്ത്യയിലുടനീളമുള്ള പ്രവർത്തനം വിപുലമാക്കും. ബാങ്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും ഡിജിറ്റൽ, ഐ.ടി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും കഴിയുമെന്ന് കാത്തലിക് ബാങ്ക് സി. ഇ. ഒയും എം.ഡിയുമായ സി.വി. ആർ. വരദരാജൻ പറഞ്ഞു.