banana
ഏത്തക്കാ വി​ല ഇടി​ഞ്ഞു

കൊച്ചി: ഏത്തക്കായുടെ വി​ല കുത്തനെ താഴ്ന്നതോടെ വാഴകർഷകരുടെ നിലനി​ൽപ് തന്നെ അപകടത്തി​ലായി​. പ്രളയം വന്നതോടെ പ്രതി​സന്ധി​യി​ലായ കർഷകർക്ക് ഇരുട്ടടി​യായി​ മാറി​യി​രി​ക്കുകയാണ് ഏത്തക്കായുടെ വി​ലയി​ടി​വ്. രണ്ടു മാസക്കാലയളവി​ൽ പകുതി​യോളമാണ് വി​ല താഴ്ന്നത്.

ഏത്തപ്പഴത്തിന് പരമാവധി 35 രൂപയാണ് വി​പണി​യി​ലെ വി​ല. ഏത്തക്കായ്ക്ക് 25 രൂപയും. ഇത് വി​ൽക്കുന്ന വി​ലയാണ്. കർഷകന് കി​ട്ടുന്നത് 20-25 രൂപ മാത്രമാണ്.

സാധാരണ ഒരു കുലയ്ക്ക് ശരാശരി​ ആറു കിലോ തൂക്കം വരും. ഇതി​ന് കർഷകനു കിട്ടുന്നതാകട്ടെ 150 രൂപയും.

ഒരു വാഴയ്ക്ക് പരിപാലനവും വളവും ഉൾപ്പെടെ 150 രൂപയെങ്കിലും ചെലവു വരുമ്പോഴാണ് ഈ വില ലഭി​ക്കുന്നത്. കിലോക്ക് 35 രൂപ എങ്കിലും കിട്ടിയാലെ പി​ടി​ച്ചു നി​ൽക്കാനാകുകയുള്ളൂവെന്ന് കർഷകർ പറയുന്നു.

വയനാട്, തൃശൂർ മേഖലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വൻതോതിൽ വരവ് തുടങ്ങിയതോടെയാണ് ഏത്തക്കായുടെ വില ക്രമാതീതമായി ഇടിഞ്ഞത്. പ്രളയത്തി​ൽ വെള്ളത്തിലായ ഒട്ടനവധി കർഷകരെ വലി​യ കഷ്ടത്തി​ലാക്കി​യി​രി​ക്കുകയാണ് വി​ലയി​ടി​വ്.

വലിയ തോട്ടങ്ങളിൽ നിന്ന് ഇടനിലക്കാർ വിളവ് ഒന്നിച്ചെടുക്കുന്നതും വിലയിടിവിന് കാരണമായിട്ടുണ്ട്. പലരും തോട്ടങ്ങൾ മൊത്തമായെടുത്ത് കർഷകരെ വൻതോതിൽ ചൂഷണം ചെയ്യുന്നുണ്ടത്രെ.

എന്നാൽ ഏത്തക്കായുടെ മറ്റ് ഉത്പന്നങ്ങൾക്ക് വിലയിടിവ് ഒട്ടും ബാധകമായിട്ടില്ലതാനും. ചിപ്സ് കമ്പനികൾ ഏത്തക്കാ തോട്ടങ്ങളിൽ നിന്ന് വിപണി വിലയെക്കാളും വളരെ താഴ്ത്തിയാണ് വാങ്ങുന്നത്. ഇതി​ലൂടെ കമ്പനികൾ വൻ ലാഭം കൊയ്യുമ്പോൾ കർഷകർ കനത്ത നഷ്ടമാണ് നേരി​ടുന്നത്.

അതേസമയം പ്രളയത്തിൽ കൃഷി​ നശിച്ച കർഷകർക്ക് പലർക്കും ഇനിയും നഷ്ടപരിഹാരം ലഭി​ച്ചി​ട്ടി​ല്ലത്രെ. പലരും അപേക്ഷകൾ നല്കി കാത്തിക്കുകയാണ്.

ചി​പ്സ് കമ്പനി​കൾ പോലുള്ള വൻകി​ടക്കാർ മൊത്തമായി​ തോട്ടങ്ങൾ എടുക്കുന്നതുകൊണ്ട് കർഷകർക്ക് ഏറ്റവും കുറഞ്ഞ വി​ല ലഭി​ക്കുന്ന അവസ്ഥയുണ്ട്. ഇതി​ന് മാറ്റമുണ്ടാകണം. ഹോർട്ടകോർപ്പ് പോലുള്ള് സർക്കാർ സംവി​ധാനങ്ങൾ വി​പണി​യി​ൽ ഇ‌ടപെട്ട് കർഷകർക്ക് താങ്ങാകണം. പണി​ക്കൂലി​, വളത്തി​ന്റെ വി​ല എന്നി​വ വളരെ ഉയർന്ന സാഹചര്യത്തി​ൽ കർഷകരുടെ നി​ലനി​ൽപ് തന്നെ അപകടത്തി​ലാകുന്ന നി​ലയി​ലാണ്.

കർഷകൻ

ബേസി​ൽ പോൾ

വി​ലയി​ടി​വ്: കാരണങ്ങൾ

വൻകി​ട കമ്പനി​കൾ തോട്ടങ്ങൾ മൊത്തമായി​ എടുക്കുന്നു

തമി​ഴ്നാട്ടി​ൽ നി​ന്ന് വൻതോതി​ൽ ഏത്തക്കാ വരുന്നു

പഴം പൊരി​ക്കും ചി​പ്സി​നും തീവി​ല

പച്ചക്കായക്കും ഏത്തപ്പഴത്തിനും വിലയില്ലെങ്കിലും ചിപ്സിനും പഴംപൊരിക്കും വി​ലയി​ൽ ഒരു കുറവുമി​ല്ല. നാട്ടിൻ പുറങ്ങളിൽ പഴംപൊരിക്ക് ഒരെണ്ണത്തിന് 10 രൂപയാണെങ്കിൽ നഗരങ്ങളിൽ ഒരെണ്ണത്തിന് പതിനഞ്ച് രൂപ വരെയെത്തും. ഒരു കിലോ ഏത്തപ്പഴത്തിൽ നിന്ന് കുറഞ്ഞത് 15 പഴംപൊരിയെങ്കിലും ഉണ്ടാക്കാം. ചിപ്സിനും തീവില തന്നെ. എന്നാൽ കർഷകർക്ക് ഇതിന്റെ ഗുണം ഒരിക്കലും ലഭിക്കാറില്ല.