മുംബയ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന ഡർബി പോരാട്ടത്തിൽ മുംബയ് സിറ്റി എഫ്.സി മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പൂനെ സിറ്റി എഫ്.സിയെ കീഴടക്കി. മുംബയുടെ സീസണിലെ ആദ്യ ജയമാണിത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പാപെ അമഡോ സൗഗൗവും റാഫേൽ ബാസ്റ്റോസുമാണ് മുംബയ്യുടെ ഗോളുകൾ നേടിയത്. 25-ാം മിനിറ്റിൽ സൗഗൗവുവാണ് മുംബയ്ക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ ബാസ്റ്റോസ് പട്ടിക തികച്ചു.
രണ്ടാം പകുതിയിൽ കടം വീട്ടാൻ പൂനെ കിണഞ്ഞു ശ്രമിച്ചെങ്കിലും മുംബയ് പ്രതിരോധം വഴങ്ങിയില്ല. ഒടുവിൽ മത്സരം ഇൻജുറി ടൈമിലേക്ക് നീങ്ങിയപ്പോൾ മൂന്നാം ഗോൾ നേടാൻ മുംബയ്ക്ക് അവസരം ലഭിച്ചെങ്കിലും ലൂസിയാൻ ഗൊയാൻ പെനാൽറ്റി പാഴാക്കി.