കൊച്ചി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്നിധാനത്തേക്ക് പോവാൻ ശ്രമിച്ച രഹ്ന ഫാത്തിമയുടെ ജോലി കളയിക്കാൻ ശ്രമം. രഹ്ന നിലവിൽ ജോലി ചെയ്യുന്ന പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എല്ലിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളാണ് അവരുടെ ഫേസ്ബുക്ക് പേജിൽ ഭീഷണി മുഴക്കുന്നത്. അയ്യപ്പനെ അധിക്ഷേപിക്കാൻ 41 ദിവസത്തെ വ്രതം പോലുമെടുക്കാതെ ശബരിമലയെ ഒരു കലാപഭൂമിയാക്കാൻ ശ്രമിക്കുന്ന രഹ്ന ഫാത്തിമയെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന തരത്തിലുള്ള കമന്റുകളാണ് പേജിൽ നിറയുന്നത്. കൂടാതെ രഹ്ന ഫാത്തിമയെ പിരിച്ചുവിട്ടില്ലെങ്കിൽ ബി.എസ്.എൻ.എൽ സിം ബഹിഷ്ക്കരിക്കുമെന്നും ചിലർ പറയുന്നു.
ഏറ്റവും പുതിയ ഓഫറിനെക്കുറിച്ചുള്ള അറിയിപ്പ് നൽകിയ പോസ്റ്റിന് താഴെയാണ് ഭീഷണി കമന്റുകൾ. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹ്ന പോയതെന്നും അവരെ സംരക്ഷിക്കണമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ ശബരിമല പ്രവേശനത്തിന് പുറപ്പെട്ടതിനെ തുടർന്ന് രഹ്നയുടെ വീട് നേരെത്തെ ആക്രമിച്ചിരുന്നു. രഹ്നയുടെ എറണാകുളം പനമ്പള്ളി നഗറിലെ വീടാണ് ഒരു സംഘമാളുകൾ അടിച്ച് തകർത്തത്.
അതേസമയം, രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് കടത്തിവിടാതെ തടഞ്ഞ പ്രതിഷേധക്കാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാലറിയുന്ന 200 പേർക്കെതിരെയാണ് സന്നിധാനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരൽ, ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയൽ, പൊലീസിന്റെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടക്കുന്നതിനിടെ ശേഖരിച്ച വീഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ഉടൻ അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.