ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പ്രളയാനന്തര കേരളത്തിന് ഫണ്ട് സമാഹരിക്കുന്നതിനായി മന്ത്രിമാർ നടത്തുന്ന വിദേശ യാത്രയ്ക്ക് പ്രധാനമന്ത്രി വാക്കാൽ അനുമതി നൽകിയിരുന്നെന്നും എന്നാൽ പിന്നീട് അത് നിഷേധിക്കുന്ന സമീപനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായിയിൽ മലയാളി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് ഒരു സർക്കാർ പ്രവർത്തിക്കേണ്ടത് എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും അത്തരമൊരു സമീപനമല്ല ഉണ്ടായതെന്ന് പിണറായി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്ത പറഞ്ഞു. 'കേരളം എന്ത് വില കൊടുത്തും പുനർനിർമ്മിക്കും. കേന്ദ്രത്തിന്റെ കടുത്ത എതിർപ്പ് മൂലം വിദേശ രാജ്യങ്ങളിൽ നിന്നുള്ള വലിയ സാമ്പത്തിക സഹായമാണ് നമുക്ക് നഷ്ടമായത്. ദുരന്തമുണ്ടായാൽ വിദേശ രാജ്യങ്ങളുടെ സഹായം അങ്ങോട്ട് ചോദിക്കാൻ പാടില്ലെന്നാണ് രാജ്യത്തിന്റെ നയം. എന്നാൽ ഇങ്ങോട്ട് സഹായം വന്നാൽ സ്വീകരിക്കുന്നതിന് ഒരു നിയമവും തടസം നിൽക്കുന്നില്ല- പിണറായി പറഞ്ഞു.
വിദേശ രാജ്യങ്ങളുടെ സഹായം കേന്ദ്രം തടഞ്ഞാലും നമുക്ക് അതിജീവിക്കണം. ഒരാഴ്ചത്തെ ശമ്പളമെങ്കിലും നീക്കിവച്ച് പ്രവാസികൾ കേരളത്തിന്റെ പുനർ നിർമ്മാണത്തിന്റെ ഭാഗമാകണമെന്നും പിണറായി പൊതുസമ്മേളനത്തിൽ പറഞ്ഞു. നാളെ ഷാർജയിൽ നടക്കുന്ന പരിപാടിക്ക് ശേഷം അദ്ദേഹം വിദേശ സന്ദർശനം അവസാനിപ്പിച്ച് മടങ്ങിവരും.