ദുബായ്: ഡയപ്പർ മാറ്റുന്നതിനിടെ ആൺകുട്ടിയെ പീഡിപ്പിച്ച വീട്ടുവേലക്കാരിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 33കാരിയായ വീട്ടുവേലക്കാരിക്കാണ് ആറ് മാസത്തെ തടവ് ശിക്ഷയും അതിന് ശേഷം നാടുകടത്തലും കോടതി വിധിച്ചത്. കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
കുട്ടിയുടെ ഡയപ്പർ മാറ്റാൻ അമ്മ ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. കുറച്ച് കഴിഞ്ഞ് കുട്ടി സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നെന്ന് പരാതി പറഞ്ഞു. പരിശോധിച്ചപ്പോൾ ചുവന്ന അടയാളങ്ങൾ കണ്ടെങ്കിലും ഡയപ്പർ ഉപയോഗിച്ചത് കൊണ്ടുണ്ടായതാവാമെന്ന ധാരണയിൽ മരുന്നുകൾ പുരട്ടിക്കൊടുത്തു. എന്നാൽ വീട്ടിലെ ജോലിക്കാരി തന്റെ രഹസ്യഭാഗത്ത് സ്പർശിച്ചുവെന്നും തനിക്ക് നന്നായി വേദനിച്ചുവെന്നും കുട്ടി രണ്ട് ദിവസങ്ങൾക്ക് ശേഷം അമ്മൂമ്മയോട് പറയുകയായിരുന്നു.
തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചു. കുട്ടി പീഡനത്തിനിരയായെന്ന് ഡോക്‌ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക കോടതി മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ചുവെങ്കിലും രക്ഷിതാക്കൾ അപ്പീൽ നൽകിയതോടെ കേസ് ഉയർന്ന കോടതിയിലെത്തുകയും ശിക്ഷ ഇരട്ടിയായി വർദ്ധിപ്പിക്കുകയുമായിരുന്നു.