amritsar-tragedy

ന്യൂഡൽഹി: അമൃത്‌സർ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതർക്ക് പഞ്ചാബ് സർക്കാരും അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യചികിത്സ നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു.

അമൃത്‌സറിലെ ചൗറ ബസാറിലായിരുന്നു സംഭവം. ദസറ ആഘോഷങ്ങൾ വീക്ഷിക്കുന്നതിനിടെ റെയിൽ പാളത്തിൽ നിന്ന ജനങ്ങളുടെ നേർക്കാണ് ട്രെയിൻ പാഞ്ഞുകയറിയത്. അൻപത്തിയെട്ട് പേർ മരിച്ചതായാണ് വിവരം.

ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം ട്രാക്കിൽ വച്ച് കത്തിക്കുമ്പോഴാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതിനാൽ ട്രെയിൻ അടുത്തു വരുന്നതിന്റെ ശബ്‌ദം കേൾക്കാനായില്ല. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ആയിരത്തിനടുത്ത് ആളുകൾ അപകടം നടന്ന സ്ഥലത്തു തടിച്ചു കൂടിയിരുന്നു.

അതേസമയം, സംഭവത്തിൽ വിവാദവും ഉയർന്നിട്ടുണ്ട്.കോൺഗ്രസ് സംഘടിപ്പിച്ച ദസറ ആഘോഷത്തിനിടെയാണ് അപകടമെന്ന് പ്രതിപക്ഷം ആരോപിച്ചു. പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് റെയിൽവേ ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ദുവായിരുന്നു പരിപാടിയുടെ സംഘാടകനെന്ന് ബി.ജെ.പി ആരോപിച്ചു. സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗർ അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തു നിന്നു പോയെന്നും വിമർശനമുണ്ട്. പ്രാദേശിക കോൺഗ്രസ് നേതാവായ നവ്‌ജ്യോത് കൗർ സിദ്ദു ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു. എന്നാൽ സംഭവം നടന്നയുടനെ താൻ പോയതല്ലെന്നും പരിക്കേറ്റവർക്കൊപ്പം ആശുപത്രിയിലായിരുന്നെന്നും നവ്‌ജ്യോത് കൗർ വ്യക്തമാക്കി.