തിരുവനന്തപുരം : നഗരത്തിലെ മാലിന്യപ്രശ്നത്തിന് നിലവുള്ള ഏകമാർഗം ഉറവിട മാലിന്യ സംസ്കരണം മാത്രമാണെന്ന നിലപാടിൽ ഉറച്ച് കാര്യക്ഷമമായ പ്രവർത്തനങ്ങളുമായി നഗരസഭ മുന്നോട്ട്. ഇക്കുറി റസിഡന്റ്സ് അസോസിയേഷനുകളിലൂടെ പദ്ധതിയെ ജനകീയമാക്കുകയാണ് ലക്ഷ്യം.
പദ്ധതി ഏറ്റെടുക്കുന്ന റസിഡന്റ്സ് അസോസിയേഷനുകളെ മാതൃക അസോസിയേഷനുകളായി പ്രഖ്യാപിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. 100 വാർഡുകളെയും സമ്പൂർണ ശുചിത്വ വാർഡുകളായി മാറ്റുകയെന്ന ലക്ഷ്യം അസോസിയേഷനുകളുടെ സഹായത്തോടെ വിജയിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. കഴിഞ്ഞ രണ്ട് വർഷക്കാലമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിൽ ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വാർഡുകളെ ശുചിത്വവാർഡാക്കി മാറ്റാനുള്ള നടപടികൾക്ക് കഴിഞ്ഞ കൗൺസിൽ യോഗം അംഗീകാരം നൽകി. എല്ലാ വാർഡുകളിലും എയ്റോബിക് ബിൻ സ്ഥാപിക്കുകയാണ് ആദ്യ ഘട്ടം. ഇതിനായി ഓരോ വാർഡിലും അനുയോജ്യമായ സ്ഥലം ജനങ്ങൾ നിർദ്ദേശിച്ചാൽ പൂർണമായും സൗജന്യമായി എയ്റോബിക് യൂണിറ്റ് സ്ഥാപിച്ചു നൽകും. പരിപാലനവും ഉറപ്പുവരുത്തും. ഏറ്റവും ചെറിയ എയ്റോബിക് ബിൻ സജ്ജമാക്കാൻ 1.45 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്ന കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുകയാണെങ്കിൽ അതോടൊപ്പം ഉറവിട മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് നഗരസഭയുടെ തീരുമാനം.
അസോസിയേഷനുകൾ ഒരു കുടക്കീഴിൽ
നഗരപരിധിയിലെ അസോസിയേഷനുകളെ ഒരു ഏകീകൃത സംവിധാനമാക്കുന്നതിനുള്ള നടപടികളും നഗരസഭയിൽ പുരോഗമിക്കുകയാണ്. അസോസിയേഷനുകളുടെ രജിസ്ട്രേഷൻ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാകും നഗരസഭയും അസോസിയേഷനുകളും നിരന്തര സമ്പർക്കം പുലർത്തുക. നഗരസഭയിൽ നിന്നുള്ള നിർദ്ദേശങ്ങൾ എസ്.എം.എസിലൂടെയും ഇ-മെയിലായും അസോസിയേഷനുകളെ അറിയിക്കും. അടിയന്തര സാഹചര്യത്തിൽ നിശ്ചയിക്കുന്ന പരിപാടികളിൽ ജനപങ്കാളിത്തം അതിവേഗം ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇനി വാർഡുകൾ തമ്മിൽ മത്സരം
100 വാർഡുകളിലും പരസ്പരം മത്സരം വളർത്തിയെടുത്ത് ഉറവിട മാലിന്യ സംസ്കരണം വിജയിപ്പിക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ശുചിത്വ വാർഡുകളെ തിരഞ്ഞെടുക്കുന്നനത്. വാർഡുകളിൽ പൊതുവായി ഒരു എയ്റോബിക് ബിൻ, വീടുകളിൽ കിച്ചൺ ബിൻ, വാർഡുകളിലെ അജൈവമാലിന്യം നഗരസഭയുടെ കലണ്ടർ പ്രകാരം കൃത്യമായി കൗണ്ടറുകളിലേക്ക് എത്തിക്കണം തുടങ്ങിയ കാര്യങ്ങളാണ് അടിസ്ഥാനമാക്കുന്നത്. പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നിലവിൽ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന വാർഡുകളെയാണ് ആദ്യഘട്ടത്തിൽ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കുന്നത്.
ശുചിത്വ വാർഡുകൾ ഇവ
ശാസ്തമംഗലം, വഞ്ചിയൂർ വാർഡുകളെ ഡിസംബർ 31ന് സമ്പൂർണ ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കും. രണ്ടാം ഘട്ടത്തിൽ പാളയം, തമ്പാനൂർ, പൂജപ്പുര, നാലാഞ്ചിറ വാർഡുകളെ മാർച്ച് 31ന് മുമ്പ് ശുചിത്വ വാർഡുകളാക്കും. മെഡിക്കൽ കോളേജ്, പട്ടം, കേശവദാസപുരം, നന്തൻകോട്, വഴുതക്കാട് എന്നീ വാർഡുകളാണ് മൂന്നാം ഘട്ടത്തിൽ മേയ് 31ന് മുമ്പ് ശുചിത്വ വാർഡുകളായി പ്രഖ്യാപിക്കുന്നത്.