കോവളം: നിരവധി വിനോദ സഞ്ചാരികളും വിദേശ കപ്പലുകളും എത്തുന്ന വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാൻ കാമറകളും അഗ്നിരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്നു. കസ്റ്റംസിന്റെ ഐ.എസ്.പി.എസ് കോഡ് പ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള കാമറകളും തീപിടിത്തത്തെ നേരിടാനുള്ള ആധുനിക ഉപകരണങ്ങളും സ്ഥാപിക്കുന്നത്. രാത്രി ദൃശ്യങ്ങളടക്കം പകർത്താൻ കഴിയുന്ന അത്യാധുനിക ഇൻഫ്രാറെഡ് കാമറകളാണ് സ്ഥാപിക്കുക. ഇതോടെ തീരസുരക്ഷയ്ക്ക് പുറമേ ഇവിടെ നിന്നു മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങൾ, പഴയ വാർഫിൽ വന്നുപോകുന്ന വിദേശ ആഡംബര കപ്പലുകൾ, ചരക്കുകപ്പലുകൾ, ഇവയിൽ നിന്നു ഇറക്കുകയും കയറ്റുകയും ചെയ്യുന്ന സാധനങ്ങൾ തുടങ്ങി എല്ലാ ചലനങ്ങളും കാമറക്കണ്ണുകൾ ഒപ്പിയെടുക്കും. ഫയർ ആൻഡ് സേഫ്ടി അധികൃതരുടെ മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള ആധുനിക അഗ്നിരക്ഷാ ഉപകരണങ്ങളാണ് വിഴിഞ്ഞത്ത് സ്ഥാപിക്കുന്നത്. ഇതിലേക്കായി തുക അനുവദിച്ചിട്ടുണ്ട്. കിറ്റ്കോ എന്ന ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ നിലവിൽ കൊല്ലം തുറമുഖത്ത് മാത്രമാണ് അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുള്ളത്. ഇതേ മാതൃകയിലാവും വിഴിഞ്ഞത്തും അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുക. അത്യാധുനിക കാമറകളും ഇവ വരുന്നതോടെ വിഴിഞ്ഞത്തും പരിസരങ്ങളിലും നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും നാട്ടുകാരും.