കോവളം: രണ്ടുമക്കളുമായി ജീവിക്കുന്ന രോഗിയായ സുനിതയ്ക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കോവളം ജനമൈത്രി പൊലീസ്. കൂലിപ്പണിക്കാരനായ ഭർത്താവ് അനിൽകുമാർ നാല് വർഷം മുമ്പ് മരിച്ചതോടെ സുനിതയും മക്കളും അനാഥരാണ്. മുട്ടയ്ക്കാട് ചെറുകോണത്ത് മേലേവീട്ടിൽ ഒറ്റമുറിയിൽ സഹോദരി തുളസിയോടൊപ്പം കഴിയുന്നു. വിദ്യാർത്ഥികളായ ആദർശിന്റെയും സിബിന്റെയും വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതുതന്നെ കഷ്ടപ്പെട്ടാണ്. രണ്ട് കിലോമീറ്റർ അകലെയുള്ള ക്രിസ്തീയ ദേവാലയത്തിൽ സഹായിക്കാൻ പോകുന്നതുകൊണ്ട് വിശ്വാസികൾ ദാനമായി നൽകുന്ന തുകകൾ സമാഹരിച്ചാണ് വീട്ട് ചെലവുകൾ കഴിഞ്ഞ് പോരുന്നത്.
സുനിതയുടെ കഥ കോവളം ജനമൈത്രി മീറ്റിംഗിൽ ചർച്ചയാകുകയും ഇതേക്കുറിച്ചന്വേഷിക്കാൻ എസ്.െഎ. പി. അജിത്കുമാർ നേരിട്ടിറങ്ങുകയും ചെയ്തിരുന്നു. സർക്കാർ സഹായത്തോടെ വസ്തുവാങ്ങുന്നതിന് കടമ്പകളേറെയുണ്ടെന്ന് മനസിലാക്കിയ എസ്.െഎ, ആഴാകുളം ക്രിസ്തുരാജാ ദേവാലയത്തിലെ ഫാ. ജോണിയുമായി ഇക്കാര്യം ചർച്ചചെയ്തു. ഫാദറിന്റെയും വിശ്വാസികളുടെയും പരിശ്രമഫലമായി 3,38,000 രൂപ ചെലവിട്ട് രണ്ട് സെന്റ് ഭൂമി സുനിതയ്ക്കായി വാങ്ങി. വസ്തുലഭിച്ചതോടെ വീണ്ടും സുനിതയുടെ കഥ ചർച്ചയായി. സുമനസുകളുടെ സഹായം തേടി എസ്.െഎ വീണ്ടും മുന്നിട്ടിറങ്ങി. വീടിന്റെ നിർമ്മാണ ചുമതല സ്റ്റേഷൻ പരിധിയിലെ വിൻസെന്റ് ഡേവി കോൺട്രാക്ടറെ ഏല്പിച്ചു. 400 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കുവാൻ 4,50,000 രൂപ എസ്റ്റിമേറ്റുണ്ടാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജനമൈത്രി സമിതിയംഗങ്ങളും ജനപ്രതിനിധികളും പങ്കാളിയായി വീടിന്റെ തറക്കല്ലിടൽ കർമ്മം കോവളം എസ്.െഎ നിർവഹിച്ചു. പണി തുടങ്ങിയെങ്കിലും പണം കണ്ടെത്തുകയെന്ന ദൗത്യത്തിനായി ഫ്രണ്ട്സ് അറ്റ് ഹോം എന്ന പദ്ധതിയുടെ ഭാഗമായി വാഴമുട്ടം ഗവ. ഹൈസ്കൂളിലെ എസ്.പി.സി വിദ്യാർത്ഥികളും രംഗത്തിറങ്ങിയിരിക്കുകയാണ്.
സുമനസുകളുടെ സഹായത്തിനായി കോവളം പൊലീസിന്റെ നേതൃത്വത്തിൽ സുനിതയും വിൻസെന്റ് ഡേവി കോൺട്രാക്ടറും സംയുക്തമായി കോവളം കനറാബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങി.
അക്കൗണ്ട് നമ്പർ: 2503101016596, െഎ.എഫ്.എസ്.സി കോഡ്: 0002503.