തിരുവനന്തപുരം: അച്ഛനും അമ്മയുമൊക്കെയായി ആദ്യക്ഷരമെഴുതി ജീവിതത്തിന്റെ പുതിയൊരദ്ധ്യായം കുറിക്കാനെത്തിയ നൂറുകണക്കിന് കുരുന്നുകൾക്കൊപ്പം അമ്മയില്ലാതെ അച്ഛന്റെ മടിയിലിരുന്ന് രണ്ടര വയസുകാരൻ അഭിദേവും ഹരിശ്രീ എഴുതി. മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ അനന്തപുരി ആശുപത്രി സി.എം.ഡിയും ന്യൂറോ സർജനുമായ ഡോ. മാർത്താണ്ഡപിള്ള തന്നെയാണ് പേട്ട എസ്.എൻ.ഡി.പി ഹാളിൽ കേരളകൗമുദി ഒരുക്കിയ വിദ്യാരംഭത്തിൽ അഭിദേവിന്റെ ജീവിതത്തിൽ അക്ഷരവെളിച്ചവും പകർന്നത്.
കഴിഞ്ഞ വർഷം ഇതേമാസം 2ന് തിരുനെൽവേലിക്ക് സമീപമുണ്ടായ കാറപകടത്തിലാണ് അഭിദേവിന് അമ്മയെ നഷ്ടമായത്. ആനയറ കുടവൂർ കാവിൽ ലെയിൻ വൈകുണ്ഠം വീട്ടിൽ പ്രേംജിത്തിന്റെ ഭാര്യ ഷൈമോളാണ് (35, അസി. പ്രൊഫസർ, അംബേദ്കർ ഗവ. ലാ കോളേജ് പോണ്ടിച്ചേരി) അപകടത്തിൽ മരിച്ചത്. വിജയദശമി അവധിക്കായി നാട്ടിൽ വന്നശേഷം മടങ്ങുമ്പോഴാണ് അപകടം. പ്രേംജിത്തും ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണംതെറ്റി റോഡിലെ ഡിവൈഡറിൽ ഇടിച്ചു തലകീഴായി മറിഞ്ഞശേഷം സമീപത്തെ മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. പ്രേംജിത്താണ് കാർ ഓടിച്ചിരുന്നത്. മൂത്ത മകൻ ആറ് വയസുകാരൻ ആദിദേവ് മുൻസീറ്റിലായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ഇരുവർക്കും പരിക്കേറ്റില്ല. എന്നാൽ കാറിന്റെ പിന്നിലിരുന്ന ഷൈമോളും അഭിദേവും പുറത്തേക്ക് തെറിച്ച് വീണു. സാരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തിരുനെൽവേലി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷൈമോളുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലായ അഭിദേവിനെ തിരുവനന്തപുരം അനന്തപുരിയിലെത്തിക്കുകയായിരുന്നു. ഡോ. മാർത്താണ്ഡപിള്ളയാണ് അഭിദേവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. അതുകൊണ്ടു അദ്ദേഹം തന്നെ അഭിദേവിന് ആദ്യക്ഷരം പകരണമെന്ന് പ്രേംജിത്തിന് നിർബന്ധമായിരുന്നു. എന്നാൽ പൊന്നോമനയുടെ ജീവിതത്തിലെ ഈ അസുലഭ നിമിഷത്തിൽ ഷൈമോളുടെ വിടവ് കുടുംബത്തിനെ വേദനയിലാഴ്ത്തി. അച്ഛനും കുഞ്ഞുങ്ങളും മാത്രമാണിപ്പോൾ വീട്ടിലുള്ളത്. ബന്ധുക്കളാണ് കുഞ്ഞ് അഭിദേവിനെ പരിപാലിക്കുന്നത്. ജോലിക്കായി തിരുനെൽവേലിയിലായിരുന്നതിനാൽ അധിക സമയം ഷൈമോൾക്ക് അഭിദേവിനൊപ്പം ചെലവഴിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല. അതുപോലെ അമ്മ ഇപ്പോഴും ദൂരെ ജോലിക്ക് പോയിരിക്കുകയാണെന്നാണ് കുഞ്ഞ് അഭിദേവ് വിശ്വസിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി അവൻ അമ്മയെ കാത്തിരിക്കുകയാണ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് പ്രേംജിത്ത്.