തിരുവനന്തപുരം: രണ്ടര വയസുകാരി അരുന്ധതിയെയും കൊണ്ട് കുടപ്പനക്കുന്നിലെ ലാൽ-വീണ ദമ്പതികൾ കേരളകൗമുദി അങ്കണത്തിലെത്തിയപ്പോഴാണ് അറിയുന്നത് കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിക്കാനെത്തിയ പ്രമുഖരിൽ പിന്നണി ഗായികയും സംഗീതാദ്ധ്യാപികയുമായ ബി. അരുന്ധതിയുമുണ്ടെന്ന്. അവർ അപ്പോൾ തന്നെ ഉറപ്പിച്ചു എപ്പോഴും കുഞ്ഞിപ്പാട്ടുകൾ പാടിക്കൊണ്ടിരിക്കുന്ന കുഞ്ഞ് അരുന്ധതിയെക്കൊണ്ട് ആദ്യക്ഷരം കുറിപ്പിക്കുന്നത് ഗായിക ബി. അരുന്ധതി തന്നെയാവണമെന്ന്. നൂറുകണക്കിന് ദമ്പതികൾ കുഞ്ഞുങ്ങളെയും കൊണ്ടെത്തിയതിനാൽ തിക്കിത്തിരക്കി അവർ അരുന്ധതിക്ക് മുന്നിലെത്തി.
കുഞ്ഞ് മോളെ സ്നേഹത്തോടെ എടുത്ത് മടിയിലിരുത്തി കവിളിൽ തലോടിക്കൊണ്ട് അരുന്ധതി ചോദിച്ചു.. 'മോളുടെ പേരെന്താ?..." കുഞ്ഞ് അരുന്ധതിയുടെ മറുപടി നിഷ്കളങ്കമായ നാണത്തോടെയുള്ള ചെറുപുഞ്ചിരി മാത്രമായിരുന്നു. അപ്പോൾ കൂടെ നിന്ന സഹോദരൻ പത്ത് വയസുകാരനായ ആദിത്യൻ പറഞ്ഞു. 'അരുന്ധതീന്നാ പേര് ". 'അയ്യോ മോനെ എന്റെ പേരല്ല. കുഞ്ഞിന്റെ പേരാ ഞാൻ ചോദിച്ചേ". 'എന്റെ അനിയത്തീടെ പേരും അരുന്ധതീന്ന് തന്നാ". കൂടി നിന്നവരുടെ മുഖത്ത് ഇത് കേട്ട് ചെറുപുഞ്ചിരി വിടർന്നു. ഈ തമാശ എനിക്കും മനസിലായല്ലോ എന്ന അർത്ഥത്തിൽ കുഞ്ഞ് അരുന്ധതിയും ഒരു സ്റ്രൈലൻ ചിരിയങ്ങ് പാസാക്കി. ഹരിശ്രീ ഗണപതയേ നമഃ എന്ന് കുഞ്ഞ് അരുന്ധതിയെക്കൊണ്ട് ഗായിക ബി. അരുന്ധതി എഴുതിച്ചപ്പോൾ ഭാരതീയ വിദ്യാനികേതനിലെ ടീച്ചറായിരുന്ന അമ്മ വീണയുടെയും ആരോഗ്യ വകുപ്പിൽ ക്ലാർക്കായ അച്ഛൻ ലാലിന്റെയും മുഖത്ത് സന്തോഷപ്പുഞ്ചിരി. മകളുടെ ഇഷ്ടത്തിനനുസരിച്ച് അവളെ സംഗീതം പഠിപ്പിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹം.