ഇസ്താംബുൾ: തുർക്കിയിലെ സൗദി അറേബ്യ കോൺസുലേറ്റിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ സൗദി മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സർക്കാർ സമ്മതിച്ചു. യു.എസ് മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ സൗദി റിപ്പോർട്ടറും കോളമിസ്റ്റുമായ ഖഷോഗിയെ ഈ മാസം രണ്ടാം തീയതി മുതലാണ് കാണാതായത്. ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിലെത്തിയ ഖഷോഗിയെ പിന്നീട് കാണാതാകുകയായിരുന്നു. ഖഷോഗിയെ കാണാതായതിൽ പങ്കില്ലെന്നായിരുന്നു സൗദി സർക്കാർ നേരത്തെ പറഞ്ഞിരുന്നത്.
വിവാഹമോചനത്തിനും പുനർവിവാഹത്തിനുമുള്ള അനുമതി ലഭിക്കാനുള്ള ഔദ്യോഗികനടപടികളുടെ ഭാഗമായാണ് ഖഷോഗി കോൺസുലേറ്റിലെത്തിയത്. കോൺസുലേറ്റിൽ പ്രവേശിക്കുന്നതിനുമുമ്പ് ഖഷോഗിയുടെ ഫോൺ അധികൃതർ വാങ്ങിയിരുന്നു. പ്രതിശ്രുതവധുവും തുർക്കി വനിതയുമായ ഹാറ്റിസുമൊത്താണ് ഖഷോഗി സൗദി കോൺസുലേറ്റിലെത്തിയത്. എന്നാൽ, കോൺസുലേറ്റ് കെട്ടിടത്തിനുള്ളിലേക്ക് ഹാറ്റിസിനെ കടത്തിവിട്ടില്ല. കോൺസുലേറ്റ് അടയ്ക്കുന്നതുവരെ താൻ കെട്ടിടത്തിന് പുറത്തുകാത്തുനിന്നെങ്കിലും ഖഷോഗി മടങ്ങിയെത്തിയില്ലെന്നാണ് ഹാറ്റിസ് പറഞ്ഞത്.
കോൺസുലേറ്റിലുണ്ടായിരുന്നവരുമായി വഴക്കുണ്ടാകുകയും അത് ഖഷോഗിയുടെ മരണത്തിൽ കലാശിക്കുകയുമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ പറഞ്ഞു. ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് 18 സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, സൗദി ഇന്റലിജൻസ് ഡെപ്യൂട്ടി മേധാവി അഹമ്മദ് അൽ അസ്സീരിയെയും സൽമാൻ രാജകുമാരന്റെ വലംകൈയ് സൗദ് അൽ ഖൊത്താനി എന്നിവരെ അന്വേഷണവിധേയമായി പുറത്താക്കിയിട്ടുമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സൽമാൻ രാജകുമാരൻ അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുമെന്നും സൗദി വ്യക്തമാക്കി.
സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകരിലൊരാളായിരുന്നു ജമാൽ ഖഷോഗി. അമേരിക്കയിലെ ഇന്ത്യാന സർവകലാശാലയിൽ മാദ്ധ്യമ പഠനം പൂർത്തിയാക്കിയ ഖഷോഗി 1958 ലാണ് മാദ്ധ്യമപ്രവർത്തനം തൊഴിലായി സ്വീകരിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ സൗദി ഗസറ്റിൽ റിപ്പോർട്ടറായി. പിന്നീട് സൗദി പത്രമായ അറബ് ന്യൂസിൽ ഡെപ്യൂട്ടി എഡിറ്ററായി നാലു വർഷക്കാലം ജോലി നോക്കി. ഇതിന് ശേഷം അൽ വതൻ പത്രത്തിന്റെ ചീഫ് എഡിറ്ററാ. രണ്ട് മാസത്തിന് ശേഷം 2003ൽ അദ്ദേഹത്തെ കാരണം വ്യക്തമാക്കാതെ അധികൃതർ പിരിച്ചുവിട്ടു. പിന്നീട് തുർക്കി ബിൻ ഫൈസൽ രാജകുമാരൻ ലണ്ടനിലും വാഷിംഗ്ണിലും അംബാസഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവായി 2006 വരെ പ്രവർത്തിച്ചു. 2007ൽ അൽ വതൻ പത്രത്തിൽ എഡിറ്ററായി വീണ്ടും ജോലി തുടങ്ങിയെങ്കിലും 2010ൽ അദ്ദേഹത്തെ പുറത്താക്കി. സൗദി ഭരണകൂടത്തെ വിമർശിച്ചതിനെ തുടർന്നായിരുന്നു ഇത്. പിന്നീട് സൗദി വ്യവസായികളുടെ പിന്തുണയോടെ ഖഷോഗി 2015ൽ അൽ അറബ് എന്ന ഉപഗ്രഹ ചാനൽ ആരംഭിച്ചെങ്കിലും മണിക്കൂറുകൾക്കകം അടച്ചുപൂട്ടി. സൗദി രാജാവിന്റെ ഇടപെടലിനെത്തുടർന്നായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. 987ലും 1995ലും ഉസാമ ബിൻ ലാദനുമായി ഖഷോഗി നേരിട്ട് അഭിമുഖം നടത്തിയിട്ടുണ്ട്. പിന്നീട് സൽമാൻ രാജാവ് കിരീടാവകാശിയായിരുന്നപ്പോൾ സൗദിയിൽ നിന്നും യു.എസിലേക്ക് താമസം മാറ്റിയ ഖഷോഗി, വാഷിംഗ്ടൺ പോസ്റ്റിന്റെ ഗ്ലോബൽ ഒപ്പീനീയൻസ് കോളത്തിലൂടെ സൗദി ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയിരുന്നു.