പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി അനുസരിക്കാൻ തന്ത്രിക്കും ബാദ്ധ്യതയുണ്ടെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കർദാസ് പറഞ്ഞു. ആചാരങ്ങൾ ലംഘിച്ചാൽ നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരികർമികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പന്തളം കൊട്ടാരത്തിലുള്ളവർ പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ല. തന്ത്രിക്ക് തോന്നുമ്പോൾ നടയടച്ച് പോകാനുള്ള സ്ഥലമല്ല ശബരിമല. പൂജയിൽ മേൽശാന്തിമാരെ സഹായിക്കാൻ വേണ്ടിയാണ് പരികർമ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യല്ല. അതുകൊണ്ടാണ് അവരോട് വിശദീകരണം ചോദിച്ചുട്ടുണ്ടെന്നും ശങ്കർദാസ് വെളിപ്പെടുത്തി. രഹ്ന ഫാത്തിമ സന്നിധാനത്ത് എത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. ശബരിമലയിലെ സ്ഥിതിവിശേഷം എത്രയും വേഗം സുപ്രീംകോടതിയെ അറിയിക്കുമെന്നും സമവായത്തിന്റ പാത അടഞ്ഞിട്ടില്ലെന്നും ശങ്കർദാസ് പറഞ്ഞു.
അതേസമയം, ആചാരം ലംഘിച്ചാൽ നടയടക്കുമെന്ന തന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ച് മാളികപ്പുറം മേൽശാന്തി. ശബരിമല നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയിൽ തെറ്റില്ലെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു.