train-accident

അമൃത്‌സർ: കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃത്‌സറിൽ ദസറ ആഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് തീവണ്ടി പാഞ്ഞുകയറിയത് ആളുകൾ സെൽഫി എടുത്തുകൊണ്ടിരിക്കെ. രാവണന്റെ കോലം കത്തിക്കുന്നതിനിടെ പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. കോലം കത്തിക്കുന്നത് പശ്ചാത്തലമാക്കി സെൽഫി എടുക്കവെയാണ് മരണം ചൂളംവിളിച്ചെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ 61 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റെയിൽവേ ട്രാക്കിൽ കയറിനിന്ന് ആഘോഷങ്ങൾ വീക്ഷിച്ച ജനങ്ങളുടെ നടപടിയ്ക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്നത്.

"തീർത്തും ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇത്. അപകടത്തിനു ശേഷവും വിഡിയോ എടുക്കാൻ വ്യഗ്രത കാണിച്ച ജനങ്ങളുടെ സമീപനം ഞെട്ടലുളവാക്കുന്നതാണ്." - ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു. ജനക്കൂട്ടത്തിലേക്ക് ട്രെയിൻ പാഞ്ഞു കയറിയിട്ടും ചിലർ വീഡിയോ എടുക്കുന്നത് തുടർന്നത് അവിശ്വസനീയമാണെന്ന് ആം ആദ്മി പാർട്ടി നേതാവ് പ്രീതി ശർമ പറഞ്ഞു.

പഞ്ചാബ് മന്ത്രി നവജ്യോത് സിദ്ധുവിന്റെ ഭാര്യ നവ്ജ്യോത് കൗർ‌ സിദ്ധു ആഘോഷചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ദസ്സറ ആഘോഷങ്ങളിൽ അവരെല്ലാം അർത്തുല്ലസിക്കുകയായിരുന്നു. പലരും ട്രെയിൻ ട്രാക്കുകളിൽ കയറി നിന്ന് സെൽഫിയെടുക്കുകയായിരുന്നു. പെട്ടെന്നാണ് അപകടമുണ്ടായത്. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ലെന്നും നവ്ജ്യോത് കൗർ പറഞ്ഞു.