ശബരിമല: മലചവിട്ടി സന്നിധാനത്തെത്തി അയ്യപ്പ ദർശനത്തിനായി പതിമൂന്നോളം വിദ്യാർത്ഥിനികൾ പമ്പയിലെത്തിയതായി സൂചന. ഇവരിൽ രണ്ടുപേർ പമ്പയിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ഇവർ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനികളാണെന്ന് പറയപ്പെടുന്നു. എന്നാൽ, ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പുറമേ കിസ് ഒഫ് ലൗ പ്രവർത്തകരും പമ്പയിലേക്ക് വരുന്നതായി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകി.
അയ്യപ്പ ദർശനത്തിന് യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടാൽ സുരക്ഷ ഒരുക്കാനാണ് പൊലീസ് നിലപാടെന്നും സൂചനയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെപോലെ കൂടുതൽ പൊലീസ് ഉണ്ടാവില്ല. മറിച്ച് രണ്ടോ മൂന്നോ പൊലീസുകാരെ മാത്രമാകും സുരക്ഷയ്ക്കായി വിട്ടുനൽകുക. മലകയറ്റത്തിനിടയിൽ ഭക്തർ തടഞ്ഞാൽ നിയമം നടപ്പാക്കേണ്ടകാര്യം ബോദ്ധ്യപ്പെടുത്തും. എന്നാൽ ദേഹോപദ്രവമോ അസഭ്യമോ വിളിച്ചാൽ ഇവർക്കെതിരെ കേസെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.
ഇന്നലെ ആന്ധ്രയിൽ നിന്നുള്ള മോജോ ടി.വി ലേഖിക കവിത, മോഡലും വനിതാ ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ എന്നിവർ പൊലീസ് അകമ്പടിയോടെ എത്തിയത് വിവാദമായിരുന്നു. ഇതിൽ കവിതയ്ക്ക് പൊലീസ് കവചവും ഹെൽമറ്രും നൽകിയിരുന്നു. യുവതികൾ സന്നിധാനത്തേക്ക് കയറിയാൽ നടഅടച്ചിടുമെന്ന് തന്ത്രി മുന്നറിയിപ്പ് നൽകുകയും പരികർമ്മികൾ നാമജപം ആരംഭിക്കുകയും ചെയ്തതോടെയാണ് ഇവരോട് മടങ്ങിപ്പോകാൻ പൊലീസ് നിർദ്ദേശിച്ചത്.
അതിനിടെ ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ, മുൻ വക്താവ് വി.വി. രാജേഷ്, അയ്യപ്പകർമ്മ സമിതി നേതാവ് സ്വാമി അയ്യപ്പദാസ് തുടങ്ങി സംഘപരിവാർ സംഘടനകളുടെ നേതാക്കൾ സന്നിധാനത്ത് എത്തിയിട്ടുണ്ട്. ആചാരം ലംഘിച്ച് യുവതികൾ സന്നിധാനത്ത് എത്തിയാൽ ശക്തമായ പ്രതിരോധം തീർക്കുകയാണ് ഇവരുടെ ലക്ഷ്യം.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിന് കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം പൊലീസ് സംയമനം പാലിക്കണമെന്നും ഒരു ഘട്ടത്തിൽപോലും ഭക്തരെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.