ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്നതാണ് പൊലീസിന്റെ പ്രാഥമിക ചുമതല. രാപകൽ ഭേദമില്ലാതെ ഏത് സമയത്തും രാജ്യത്തെവിടെയും പൊലീസിന്റെ സേവനം പൗരന് ലഭിക്കുന്നു. സമചിത്തതയോടെയും വികാരങ്ങൾക്ക് അടിമപ്പെടാതെയും ചുമതല നിർവഹിക്കാൻ സേനയിലെ ഓരോ അംഗവും ബാധ്യസ്ഥനാണ്. അവർ ചുമതല ഭംഗിയായി നിറവേറ്റുന്നുമുണ്ട്. കുടുബത്തിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ കഴിയാത്തവിധം ജോലി ചെയ്യേണ്ടിവരുന്ന നിരവധി പൊലീസുകാരുണ്ട്. അവരുടെ ആത്മാർത്ഥമായ സേവനത്തിന് സമൂഹം പലപ്പോഴും അർഹിക്കുന്ന വില കൽപ്പിക്കാറില്ല.
രാഷ്ട്രത്തിനുവേണ്ടി ജീവൻ ബലികഴിക്കേണ്ടി വരുന്ന സേനാംഗങ്ങളെ സ്മരിക്കാനും പാവനസ്മരണയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനും രാഷ്ട്രം അവരുടെ കുടുംബത്തോടൊപ്പമുണ്ടെന്ന സന്ദേശം പകരാനും ഒക്ടോബർ 21 പൊലീസ് സ്മൃതിദിനം ആചരിച്ചുവരുന്നു. സ്മൃതിദിനാചരണത്തിന് തുടക്കം കുറിച്ചതിന് അടിസ്ഥാനം 1959ൽ ജമ്മു കാശ്മീരിൽ നടന്ന ഒരു സംഭവമാണ്. വടക്കുകിഴക്കൻ ലഡാക്കിനു സമീപം ദുർഘടമായ കാലാവസ്ഥയിൽ, ഹോട്ട്സ്പ്രിങ് എന്ന സ്ഥലത്ത് കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മൂന്നു പൊലീസ് സംഘങ്ങൾ. ഒക്ടോബർ 20ന് ഉച്ചകഴിഞ്ഞ് രണ്ട് സംഘങ്ങൾ മടങ്ങിയെത്തിയെങ്കിലും മൂന്നാമത്തെ സംഘത്തെ കാണാതായി. രണ്ടു പൊലീസുകാരും ഒരു പോർട്ടറുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അവരെ കണ്ടെത്താൻ ഉടൻ തെരച്ചിലാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. അടുത്ത ദിവസം രാവിലെ തിരച്ചിൽ സംഘം വിപുലീകരിച്ചു. സി.ആർ.പി.എഫ്, ഇന്റലിജൻസ് ബ്യൂറോ എന്നിവിടങ്ങളിലെ 20 പൊലീസ് സേനാംഗങ്ങളെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കരംസിങ് എന്ന ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർക്കായിരുന്നു സംഘത്തിന്റെ ചുമതല. കുതിരപ്പുറത്തും കാൽനടയായും നീങ്ങിയ സംഘത്തിനു നേർക്ക് ചൈനീസ് സൈനികർ ആക്രമണം നടത്തി. തോക്കും ഗ്രനേഡുമായി ആക്രമണം തുടർന്ന ചൈനീസ് സംഘത്തിനോട് എതിർത്തു നിൽക്കാൻ സേനയ്ക്കായില്ല. ധീരരായ പത്ത് പൊലീസ് സേനാംഗങ്ങളാണ് ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബാക്കിയുള്ളവർ ഒരുവിധം രക്ഷപ്പെട്ടു. വീരചരമം പ്രാപിച്ച പത്തുപേരുടെ ഭൗതികശരീരം മൂന്നാഴ്ചയ്ക്കുശേഷം നവംബർ 13നാണ് ഇന്ത്യയ്ക്കു വിട്ടുനൽകിയത്. പൊലീസ് ബഹുമതികളോടെ ഭൗതികശരീരങ്ങൾ ഹോട്ട് സ്പ്രിങിൽ സംസ്കരിച്ചു.
1960 ജനുവരിയിൽ ചേർന്ന പൊലീസ് ഇൻസ്പെക്ടർ ജനറൽമാരുടെ വാർഷികസമ്മേളനമാണ് ഹോട്ട് സ്പ്രിങ് സംഭവം നടന്ന ഒക്ടോബർ 21 ഇന്ത്യയിലെമ്പാടും പൊലീസ് സ്മൃതിദിനമായി ആചരിക്കാൻ തീരുമാനിച്ചത്. കേരളത്തിലും പൊലീസ് സ്മൃതിദിനം വിപുലമായി ആചരിച്ചുവരുന്നു. ഇതോടനുബന്ധിച്ച് ഇന്ന് രാവിലെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രസമർപ്പണവും പരേഡും സംഘടിപ്പിച്ചിട്ടുണ്ട്. പൊലീസ് ഓഫീസർമാരും ജോലിക്കിടെ വീരമൃത്യു വരിച്ച പൊലീസ് സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ജനമൈത്രി സുരക്ഷാ പ്രോജക്റ്റ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, കടലോര ജാഗ്രതാസമിതി മുതലായ വിഭാഗങ്ങളും പരിപാടികളിൽ പങ്കാളികളാകും. ഇതോടനുബന്ധിച്ച് പൊലീസ് ആസ്ഥാനത്തും എല്ലാ പൊലീസ് സ്റ്റേഷനുകളിലും എ.ആർ ക്യാമ്പിലും ബറ്റാലിയനിലും രക്തദാനക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. 'അവർ രാജ്യത്തിന് ജീവൻ നൽകി, സല്യൂട്ട് ചെയ്യാം അവരെ നമ്മുടെ രക്തം നൽകി " എന്നതാണ് രക്തദാനവുമായി ബന്ധപ്പെട്ട സന്ദേശം. എല്ലാ നഗരങ്ങളിലും ശ്രമദാനവും മിനി മാരത്തോണും സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രഗല്ഭരായ ആറു പൊലീസ് സേനാംഗങ്ങളെയാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കേരളാ പൊലീസിന് നഷ്ടമായത്. ആംഡ് പൊലീസ് ബറ്റാലിയനിൽ അംഗമായിരുന്ന പ്രവീൺ.പി എസ്ക്കോർട്ട് ഡ്യൂട്ടിക്കിടെ വാഹനാപകടത്തിലാണ് മരമണടഞ്ഞത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസറായിരുന്ന ശ്രീകല.ബി മരണമടഞ്ഞതും വാഹനാപകടത്തിൽതന്നെ. കാണാതായ സ്ത്രീയെ തൃശ്ശൂരിൽനിന്നു കണ്ടെത്തി സഹപ്രവർത്തകരുമായി മടങ്ങുന്നവഴിക്കാണ് അവർ അപകടത്തിൽ മരിച്ചത്. റോഡപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരുന്ന കൊല്ലം സിറ്റി എ.ആർ ക്യാമ്പിലെ വിപിൻ കുമാർ എം.എസ് മരിച്ചത് മറ്റൊരു വാഹനമിടിച്ചാണ്. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീഷ് കുമാറിനെ മരണം തേടിയെത്തിയത് പത്തനംതിട്ടയിലേക്കുള്ള ഔദ്യോഗികയാത്രയ്ക്കിടെയാണ്. രാത്രിയിൽ റോഡിലെ പതിവ് പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ഇരുചക്രവാഹനമാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജേഷ്.കെ.വിയുടെ ജീവൻ കവർന്നത്. പാലക്കാട് ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസർ ശശി.റ്റി.എസ് മരണമടഞ്ഞതും റോഡപകടത്തിൽത്തന്നെ.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ സഹോദരങ്ങളെ അർഹിക്കുന്ന ആദരവോടെയാണ് കേരള പൊലീസ് സ്മരിക്കുന്നത്. രാഷ്ട്രത്തിനുവേണ്ടി ജീവൻ വെടിഞ്ഞ സേനാംഗങ്ങളുടെ കുടുംബത്തിന്റെ ക്ഷേമൈശ്വര്യങ്ങൾ ഉറപ്പാക്കുന്നതിൽ കേരള പൊലീസും സംസ്ഥാന സർക്കാരും പ്രതിജ്ഞാബദ്ധമാണ്.