abdul-razaq

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും വിജയിച്ചത് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് ആകസ്മികമായി പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ വിയോഗം. മഞ്ചേശ്വരത്ത് പരാജയപ്പെട്ട ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ തിരഞ്ഞെടുപ്പ് ഹർജിയിലാണ് ഹൈക്കോടതിയിൽ നിയമ പോരാട്ടം നടന്നുവരുന്നത്. കേസിൽ ഏതാണ്ട് അന്തിമവാദം പൂർത്തിയാകാൻ ഇരിക്കെയാണ് വിധി വരുന്നതിന് കാത്തുനിൽക്കാതെ എം.എൽ.എ യാത്രയായത്.

കേരളം ഉറ്റുനോക്കിയ തിരഞ്ഞടുപ്പായിരുന്നു കഴിഞ്ഞതവണ മഞ്ചേശ്വരം മണ്ഡലത്തിലേത്. കേരളത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഒടുവിൽ ഫോട്ടോഫിനിഷിൽ മുസ്ലിംലീഗിലെ പി.ബി.അബ്ദുൾ റസാഖ് 89 വോട്ടുകൾക്ക് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മഞ്ചേശ്വരം മണ്ഡലത്തിൽ ഉജ്വല പോരാട്ടം കാഴ്ചവച്ച ബി.ജെ.പിയുടെ കെ.സുരേന്ദ്രനെ ഭാഗ്യം തുണച്ചില്ല. 56,870 വോട്ട് അബ്ദുൽ റസാഖിന് ലഭിച്ചപ്പോൾ സുരേന്ദ്രന് 56,781 വോട്ടുകൾ ലഭിച്ചു. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടാണ് ലഭിച്ചത്. എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരളം ആകാംക്ഷയോടെ വീക്ഷിക്കുന്ന മണ്ഡലമാണ് കേരളത്തിലെ വടക്കേയറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം.

തിരഞ്ഞടുപ്പിൽ കള്ളവോട്ട് നടന്നു എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ പി.ബി അബ്ദുൽ റസാഖിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ഹൈക്കോടതിയിൽ വിചാരണ നടന്നുവരികയാണ്. സാക്ഷികളെ ഹാജരാക്കുന്ന കാര്യത്തിലും വലിയ തർക്കം ഇരുവരും തമ്മിൽ നടന്നിരുന്നു. 2011 മുതൽ മഞ്ചേശ്വരം മണ്ഡലത്തിൽ എം.എൽ.എയാണ് അന്തരിച്ച പി.ബി അബ്ദുൽ റസാഖ്. കാസർകോട് ജില്ലയുടെയും പ്രത്യേകിച്ച് മഞ്ചേശ്വരം മണ്ഡലത്തിന്റെയും വികസനത്തിന് വേണ്ടി ആത്മാർത്ഥതയോടെയുള്ള പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജനപ്രതിനിധിയെയാണ് പി.ബിയുടെ മരണത്തോടെ ജില്ലയ്ക്ക് നഷ്ടമാകുന്നത്.

89 പി.ബിയുടെ ഭാഗ്യനമ്പർ
തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമായ 89 പി.ബി അബ്ദുൽ റസാഖിന്റെ ഭാഗ്യനമ്പർ ആയിരുന്നു. വാശിയേറിയ തിരഞ്ഞെടുപ്പിൽ 89 വോട്ടിന് കെ. സുരേന്ദ്രനെ തോല്പിച്ചതോടെ ഈ നമ്പർ പി.ബിയുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു. തന്റെ വിജയത്തിന് കാരണമായ 89 എന്ന ഭാഗ്യ നമ്പർ കാറിന് നൽകിയ ആദ്യ നിയമസഭാംഗമായിരുന്നു അദ്ദേഹം. പുതിയ കാർ വാങ്ങിയപ്പോൾ ആർ.ടി.ഒ ഓഫീസുമായി ബന്ധപ്പെട്ട് 89 നമ്പർ തന്നെ അപേക്ഷ നൽകി സ്വന്തമാക്കാൻ പി.ബി ശ്രമിക്കുകയായിരുന്നു