sabarimala

ന്യുഡൽഹി : ശബരിമലയെ അയോദ്ധ്യയോട് ഉപമിച്ച് വിശ്വ ഹിന്ദു പരിഷത്ത്. വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസാലാണ് ശബരിമലയെ ദക്ഷിണ അയോദ്ധ്യയെന്ന് വിശേഷിപ്പിച്ചത്. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് തകർത്തപ്പോൾ കണ്ട അതേ ആക്രമ മനോഭാവമാണ് ശബരിമലയിലും കാണുന്നതെന്ന് യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. സുപ്രീം കോടതി വിധിക്കെതിരെയുള്ള ഭക്തരുടെ പ്രതിഷേധങ്ങൾക്ക് ബൻസാൽ നന്ദി പറഞ്ഞു.

ശബരിമലയിൽ നടക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയത്തിന്രെ ഏറ്റവും നീചമായ രൂപമാണ്. അവിടെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെ വരെ ആക്രമിച്ചു. വർഷങ്ങൾക്ക് മുൻപ് ബാബ്റി മസ്ജിദിൽ സമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. തലയിൽ കാവിനിറത്തിലുള്ള നാടയണിഞ്ഞ് അക്രമ സന്നദ്ധരായ ആൾക്കാരെ അന്നും ഇന്നും നമുക്ക് കാണാവുന്നതാണ്. ശബരിമലയിൽ അരങ്ങേറുന്നത് ആർ.എസ്.എസ് ആക്രമമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.

'ശബരിമല ദക്ഷിണ അയോദ്ധ്യയാണ്. ശബരിമലയിലെ വിശ്വാസത്തിനും പരിശുദ്ധിക്കും മേലുള്ള കടന്നു കയറ്റത്തിലൂടെ സി.പി.എമ്മിന്രെ മുഖം വ്യക്തമായിരിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഹിന്ദുക്കളുടെ നിയമനത്തിലും കന്യാസ്ത്രീ വിഷയത്തിലും സി.പി.എം അലംഭാവം കാണാവുന്നതാണ്. ശബരിമലയിലെ വിശ്വാസങ്ങൾ സംരക്ഷിക്കാനുള്ള ഭക്തജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് നന്ദി അറിയിക്കുന്നു.അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കണം'. ഒക്ടോബർ 29ന് വരുന്ന സുപ്രീം കോടതി വിധി രാമക്ഷേത്രത്തിന് അനുകൂലമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും വിനോദ് ബൻസാൽ പറഞ്ഞു.