ശബരിമല: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവും മറ്റും നടക്കുന്നതിനിടെ ഇനി താൻ 50 വയസിന് ശേഷം മാത്രമെ ശബരിമലയിൽ ദർശനത്തിന് വരികയുള്ളൂവെന്ന പ്ളക്കാർഡും പിടിച്ച് ദർശനത്തിനെത്തിയ ഒമ്പത് വയസുകാരി വേറിട്ട കാഴ്ചയായി. തമിഴ്നാട്ടിലെ മധുരയിൽ നിന്നുള്ള ജനനി എന്ന പെൺകുട്ടിയാണ് വെള്ളിയാഴ്ച മാതാപിതാക്കൾക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത്.
സുപ്രീം കോടതി വിധി എന്താണെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ജനനിയുടെ അച്ഛൻ ആർ.സതീഷ് കുമാർ പറഞ്ഞു. മകൾക്ക് പത്ത് വയസായി കഴിഞ്ഞാൽ പിന്നെ അവൾ ശബരിമലയിൽ ദർശനം നടത്തുന്നത് 50 വയസിന് ശേഷമായിരിക്കും. അയ്യപ്പനെ ഞങ്ങൾ സ്‌നഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു - സതീഷ് പറഞ്ഞു.
ഇന്നലെ ആന്ധ്രയിൽ നിന്നുള്ള മോജോ ടി.വി ലേഖിക കവിത, മോഡലും വനിതാ ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ എന്നിവർ പൊലീസ് അകമ്പടിയോടെ എത്തിയത് വിവാദമായിരുന്നു. ഇതിൽ കവിതയ്ക്ക് പൊലീസ് കവചവും ഹെൽമറ്റും നൽകിയിരുന്നു. ഇതിന് മുന്പ് ആലപ്പുഴ ചേർത്തല സ്വദേശി ലിബി, ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോ ചീഫ് സുഹാസിനി രാജും ദർശനത്തിന് എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയിരുന്നു.