കൊച്ചി: വനിതാ കൂട്ടായ്‌മയായ വിമെൻ ഇൻ സിനിമാ കളക്‌ടീവിനെ വെല്ലുവിളിച്ച് താരസംഘടനയായ അമ്മയിലും പെൺകൂട്ടായ്‌മ ഒരുങ്ങുന്നു. ഡബ്ല്യു.സി.സിക്ക് ബദൽ എന്ന നിലയിൽ 12 അംഗ വനിതാ സമിതിയാണ് രൂപം കൊണ്ടിരിക്കുന്നത്. കെ.പി.എ.സി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വർ, മഞ്ജു പിള്ള, ലക്ഷ്‌മി പ്രിയ, ഉഷ, സീനത്ത്, ബീന ആന്റണി, തസ്‌നി ഖാൻ, ലിസി ജോസഫ്, ഷംന കാസിം, പ്രിയങ്ക എന്നിവരടങ്ങിയതാണ് സമിതി.
കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ഇത്തരത്തിലൊരു സമിതിക്ക് രൂപം നൽകുമെന്ന് പ്രസിഡന്റ് മോഹൻലാൽ സൂചന നൽകിയിരുന്നു. മൂന്നു പേരടങ്ങുന്ന ഒരു സമിതിക്ക് രൂപം നൽകാനായിരുന്നു ലാൽ നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതിലേക്ക് മറ്റ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു സ്ത്രീ കൂട്ടായ്മ രൂപീകരിക്കുന്നത് മോഹൻലാൽ അറിഞ്ഞിരുന്നില്ല എന്നുമാണ് റിപ്പോർട്ട്. എക്‌സ്‌ക്യൂട്ടീവ് അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും പുതിയ കൂട്ടായ്‌മയുടെ കാര്യം അറിഞ്ഞിരുന്നുമില്ല.
കെ.പി.എ.സി ലളിതയ്‌ക്കാണ് കൂട്ടായ്‌മയുടെ ചുമതല എന്നാണറിയുന്നത്. എന്നാൽ ഇതിനെതിരെ അമ്മയിൽ നിന്നുതന്നെ ശക്തമായ എതിർപ്പും ഉയർന്നിട്ടുണ്ട്. ഡബ്ല്യു.സി.സിയിലെ അംഗങ്ങൾ മാപ്പു പറയണമെന്ന ലളിതയുടെ പരാമർശം ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ ചുമതല നൽകുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ഒരു കോണിൽ നിന്നും ഉയരുന്നത്.ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന ഒരു വ്യക്തിയോട് എങ്ങനെ സ്ത്രീകൾ ചെന്ന് പരാതി പറയും എന്നാണ് എതിർപ്പ് പ്രകടിപ്പിച്ചവരുടെ ചോദ്യം.