ഇക്കഴിഞ്ഞ ഒക്ടോബർ രണ്ട് ഉച്ചയ്ക്ക് 1.30 ന് സൗദി അറേബ്യൻ വിമത പത്രപ്രവർത്തകനായ ജമാൽ ഖഷോഗി തുർക്കിയുടെ തലസ്ഥാനമായ ഇസ്താൻബുളിലെ സൗദി കോൺസുലേറ്റ് ഓഫീസിലേക്ക്, പുനർവിവാഹത്തിന് ആവശ്യമായ രേഖകൾ കൈപ്പറ്റാൻ കയറിപ്പോകുന്നു, ഉടനെ മടങ്ങി വരുമെന്നതിനാൽ പ്രതിശ്രുത വധുവായ പെൺസുഹൃത്ത് പുറത്ത് കാത്തുനിൽക്കുന്നു. പാതിരാത്രി വരെ കാത്തിരുന്നിട്ടും ജമാൽ ഖഷോഗി മടങ്ങിവന്നില്ല. പിറ്റേന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹം ഇന്നലെത്തന്നെ മടങ്ങിപ്പോയല്ലോ എന്ന മറുപടിയാണ് നയതന്ത്രാലയത്തിൽ നിന്ന് ലഭിച്ചത്. അതിനുശേഷം ഖഷോഗിയെ ആരും കണ്ടിട്ടില്ല.
എന്താണ് സംഭവിച്ചത് ?
ടർക്കിഷ് സുരക്ഷാ ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച് നയതന്ത്രാലയത്തിൽ കടന്ന് രണ്ട് മണിക്കൂറിനുള്ളിൽ കൈവിരലുകൾ മുറിക്കപ്പെട്ട് ( മാദ്ധ്യമ പ്രവർത്തകൻ ആയതുകൊണ്ട് ) തലഛേദിച്ച് ശരീരം തുണ്ടമാക്കി നിഷ്ഠുരമായി ഖഷോഗി കൊലചെയ്യപ്പെട്ടു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച കോൺസുലർ ഓഫീസറോട് "മിണ്ടാതിരുന്നോണം, സൗദി അറേബ്യയിൽ തിരികെ വന്നാൽ ജീവനോടെ കാണില്ല, "എന്നാണ് കൊലയാളി സംഘം പറഞ്ഞത് . ഖഷോഗി നയതന്ത്രാലയത്തിൽ വരുന്നതറിഞ്ഞ് അന്നേദിവസം വന്നിറങ്ങിയ രണ്ട് ഫ്ളൈറ്റുകളിലായി എത്തിയ പതിനഞ്ച് സൗദി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ഈ കൊല നടത്തിയത്. കൊലയാളി സംഘത്തിൽ പോസ്റ്റുമോർട്ടം വിദഗ്ദ്ധനും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയം. കൊലനടത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദൗത്യനിർവഹണത്തിന് വന്നവർ മടങ്ങിപ്പോയി.
സൗദിയുടെ കുറ്റസമ്മതം
കൊലപാതകവുമായി യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞ സൗദി പതിനെട്ടാം ദിവസമാണ് തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പറ്റിയ കൈപ്പിഴവാണതെന്ന് സമ്മതിച്ചത്. നയതന്ത്രാലയത്തിൽ നടന്ന മൽപ്പിടുത്തത്തിലാണ് കൊലനടന്നതെന്നാണ് വിശദീകരണം. ഉത്തരവാദികളായ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു. യഥാർത്ഥത്തിൽ സൗദി യുവരാജാവ് നേരിട്ട് നടത്തിയ കൊലപാതകമാണിതെന്ന് അക്കമിട്ട് തെളിവുകൾ സഹിതം വിശദമായ വാർത്തകൾ വന്നപ്പോൾ ഗത്യന്തരമില്ലാതെ സൗദിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നതാണ്.
ഖഷോഗിയുടെ കുറ്റം
'നിങ്ങൾക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോവുക ', എന്നതാണ് ഖഷോഗിയുടെ ട്വിറ്റർ പേജിന്റെ 'മുഖവാചകം. ' പറയാനുള്ളത് ഭയമില്ലാതെ പറഞ്ഞു എന്നതാണ് ഖഷോഗി ചെയ്ത കുറ്റം. സൗദിയിലെ യുവരാജാവായ മുഹമ്മദ് ബിൻ സൽമാൻ 2017 ൽ അധികാരമേറ്റയുടനെ അദ്ദേഹത്തിന്റെ വിമർശകനായ ഖഷോഗി അമേരിക്കയിലേക്ക് കടക്കുകയും വാഷിംഗ്ടൺ പോസ്റ്റിന്റെ ഫ്രീലാൻസറാവുകയും ചെയ്തു. സൗദി ഭരണകൂടത്തെ പ്രത്യേകിച്ചും യുവരാജാവിനെ ഉന്നംവച്ചുകൊണ്ടുള്ള ലേഖനങ്ങൾ ഭരണകൂടത്തിന് സഹിക്കാനാവുമായിരുന്നില്ല.
ഏകാധിപതി
മുഹമ്മദ് ബിൻ സൽമാൻ അഥവാ എം.ബി.എസ് എന്നറിയപ്പെടുന്ന യുവരാജാവ് സൗദിയിൽ അധികാരത്തിൽ വരുന്നത് തന്നെ ഒരു കൊട്ടാരവിപ്ളവത്തെ വെല്ലുന്ന അട്ടിമറിയിലൂടെയാണ്. അധികാരത്തിലെത്തിയ ശേഷം ബലപ്രയോഗത്തിലൂടെ കാര്യങ്ങൾ നടത്തുക എന്നതാണ് നയം . രാജകുടുംബാംഗങ്ങളുടെ അധികാരങ്ങൾ എടുത്ത് കളഞ്ഞും പണം പിടിച്ചുവാങ്ങിയും വീട്ടുതടങ്കലിലാക്കിയും തന്റെ നയം നടപ്പിലാക്കി. സൗദിയിലെ തീവ്രമതാധിഷ്ഠിത സംവിധാനത്തിൽ പരിഷ്കാരങ്ങൾ വാഗ്ദ്ധാനം ചെയ്ത യുവരാജാവ് , മധ്യകാലഘട്ടത്തിലെ നിഷ്ഠുര കൊലയാളി രാജാക്കന്മാരുടെ പാതയിലാണ് സഞ്ചരിക്കുന്നത്.
ഖഷോഗിയുടെ കൊലയാളി സംഘത്തിലെ നാല് പേർ സന്ദർശന വേളകളിൽ സ്ഥിരമായി യുവരാജാവിനെ അനുഗമിക്കുന്നവരാണ്. യഥാർത്ഥത്തിൽ ഖഷോഗി ഒരു മിതവാദ വിമർശകനായിരുന്നു. ഇത്തരത്തിൽ കൊലചെയ്യപ്പെടാനുള്ള ഒരു കുറ്രവും അദ്ദേഹം ചെയ്തിട്ടില്ല. പിന്നെന്തിനായിരുന്നു ഇത് ? തന്നെ എതിർക്കുന്നവർ എവിടെപ്പോയി ഒളിച്ചാലും ഇല്ലാതാക്കപ്പെടുമെന്ന സന്ദേശമാണ് യുവരാജാവ് നൽകുന്നത്. അറബ് വസന്തത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട യുവരാജാവിന്റെ കിരീടധാരണം രക്തപങ്കിലമായ ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്.
പ്രത്യാഘാതം
ആഭ്യന്തരവും അന്തർദേശീയവുമായ വലിയ പ്രത്യാഘാതങ്ങൾ നിശ്ചയമായും ഉണ്ടാകും. കടുത്ത പ്രതിഷേധമാണ് ഖഷോഗിയുടെ തിരോധനത്തിൽ സൗദിയുടെ സുഹൃത്ത് രാജ്യങ്ങൾ പോലും രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ സൗദിയെ സംരക്ഷിച്ച് സംസാരിച്ച അമേരിക്കയ്ക്ക് ക്രമേണ നിലപാട് മാറ്റേണ്ടി വന്നു. ഇതിന്റെ ഫലമായാണ് അമേരിക്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും മറ്റ് ചില പ്രധാന വ്യവസായ ഭീമന്മാരും അവരുടെ പ്രതിനിധികളെ സൗദിയിൽ നടക്കാൻ പോകുന്ന നിക്ഷേപ സമ്മേളനത്തിൽ നിന്ന് പിൻവലിച്ചത്.
എന്നാലും തത്വദീക്ഷയില്ലാത്ത വിദേശനയത്തിന്റെ വക്താവായ ട്രംപ് ഖഷോഗിയുടെ ജീവനേക്കാൾ വലുത് സൗദി അറേബ്യയുമായുള്ള ആയുധ വ്യാപാരമാണെന്ന സൂചന നൽകിയിട്ടുണ്ട്. തുർക്കിയെ സംബന്ധിച്ച് സൗദി അറേബ്യയെ അടിക്കാനുള്ള നല്ലൊരു വടിയാണ് കിട്ടിയിരിക്കുന്നത്. ഖത്തർ, സിറിയ, യമൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സൗദിയുമായി അഭിപ്രായ വ്യത്യാസമുള്ള തുർക്കി രാഷ്ട്രീയ ലാഭം കൊയ്യും. ഇറാനെ സംബന്ധിച്ച് അമേരിക്കയുടെ ഉറ്റസുഹൃത്തായ സൗദിയുടെ ഈ കാടത്തം വലിയ രാഷ്ട്രീയ ആയുധമാണ്. മനുഷ്യാവകാശത്തിന്റെയും ആണവവത്കരണത്തിന്റെയും പേരിൽ ഇനി ഇറാനെ വിമർശിക്കുക അമേരിക്കയ്ക്ക് എളുപ്പമല്ല.
സൗദിയുടെ ആഭ്യന്തരരാഷ്ട്രീയത്തിൽ സൽമാൻ രാജാവിന് കടുത്ത വെല്ലുവിളികൾ ഉയരും. അധികാര സമവാക്യങ്ങളിൽ മാറ്റം കാത്തിരിക്കുന്ന രാജകുടുംബാംഗങ്ങൾക്ക് സംഘം ചേരാൻ സുവർണാവസരമാണിത്. രക്തരൂക്ഷിതമായ കൊട്ടാരവിപ്ലവങ്ങൾക്ക് സൗദി അറേബ്യ വേദിയായാൽ അത്ഭുതപ്പെടാനൊന്നുമില്ല. അതുപോലെ പ്രസക്തമാണ് 'അധികാര മത്തിനാൽ "നിശബ്ദരാക്കപ്പെടുന്ന ഒരു ജനതയുടെ വിലാപങ്ങളും.
ഇതിലുപരി നയതന്ത്ര മേഖലയ്ക്കും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിനും കറുത്തദിനമായിരുന്നു ഒക്ടോബർ രണ്ട്. 21-ാം നൂറ്റാണ്ടിൽ നയതന്ത്ര കാര്യാലയങ്ങൾ കൊലക്കളങ്ങൾ ആയാൽ രാജ്യാന്തരബന്ധത്തിന്റെ ഭാവി എന്താകും?
തിരോധാനം തുടർക്കഥ
ആദ്യമായിട്ടല്ല സൗദി അറേബ്യൻ വിമതർ അപ്രത്യക്ഷരാകുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ വിമത രാജകുടുംബാംഗങ്ങളായ സുൽത്താൻ ബിൻ ടർക്കി, ടർക്കി ബിൻ ബാന്ധർ, സൗദ് ബിൻ സർഫുൾ നാസർ എന്നിവരെ സ്വിറ്റ്സർലൻഡ്, ഇറ്റലി, മൊറോക്കോ എന്നിവിടങ്ങളിൽ നിന്ന് കാണാതായിട്ടുണ്ട്. ഇതിലെല്ലാം സൗദി ഭരണകൂടത്തിന്റെ പങ്ക് വ്യക്തമായിരുന്നു.
( ലേഖകൻ കേരളസർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ: 9447145381)