bjp

നിലയ്ക്കൽ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്‌ണൻ അടക്കം 10 ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അയ്യപ്പഭക്തരുടെ വേഷത്തിൽ രാധാകൃഷ്‌ണൻ,​ സെകട്ടറിമാരായ ജെ.ആർ.പദ്മകുമാർ,​ ശിവൻകുട്ടി എന്നിവർ നിലയ്ക്കലിലെത്തിയത്.

സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡിൽ പ്രതിഷേധിക്കുന്നതിനിടെയാണ് പൊലീസെത്തി അറസ്റ്റു ചെയ്തത്. അവിശ്വാസികളായവരെ ശബരിലമയിൽ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി ഗൂഢാലോചന നടത്തുകയാണെന്ന് എ.എൻ.രാധാകൃഷ്‌ണൻ ആരോപിച്ചു. പരിപാവനമായ ശബരിമലയിൽ എന്തിനാണ് ഇത്രയും പൊലീസിനെ വിന്യസിച്ചതെന്നും അദ്ദേഹം ചോദിച്ചു.

പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു.

18ന് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ളവരും അറസ്റ്റിലായിരുന്നു.