ഇസ്ലാമാബാദ് : റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ച് പാക് വിദേശകാര്യ മന്ത്രാലയം. ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താനേ ഇന്ത്യയുടെ തീരുമാനം ഉപകരിക്കുകയുള്ളൂവെന്ന് പാക് വിദേശകാര്യ മന്ത്രാലായം വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഈ മാസമാദ്യം 679 കോടി രൂപയുടെ എസ്-400 കരാർ ഒപ്പുവച്ചിരുന്നു.
ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താനേ ഇത് ഉപകരിക്കു. ആയുധശേഖരണത്തിനായി പുതിയൊരു മത്സരത്തിന് ഇത് വഴിവയ്ക്കും. ഇരു രാജ്യങ്ങളുടെയും 1998ലെ ആണവ പരീക്ഷണത്തിന് ശേഷം ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾക്ക് നിയന്ത്രണം വേണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ അത് നിരാകരിക്കുകയായിരുന്നു. ഇത് കാരണം കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാൻ പാകിസ്ഥാൻ നിർബന്ധിതമായി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
400 കിലോമീറ്റർ അകലെ വരെ ലക്ഷ്യം കാണാൻ എസ്-400 പ്രതിരോധ സംവിധാനത്തിന് കഴിയും. റഷ്യയുടെ ഏറ്റവും ആധുനികമായ അതിദൂര മിസൈൽ പ്രതിരോധ സംവിധാനമായാണിത് അറിയപ്പെടുന്നത്.