sabarimala

1. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം തുടരുന്ന ബി.ജെ.പി നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു. നിയമം ലംഘിച്ച എ.എൻ രാധാകൃഷ്ണൻ, ജെ.ആർ.പത്മകുമാർ എന്നിവർ അടക്കം ആറ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആക്ടിവിസ്റ്റുകളായ കൂടുതൽ സ്ത്രീകൾ ശബരിമല കയറും എന്ന റിപ്പോർട്ടുകളെ തുടർന്ന് സന്നിധാനവും പരിസരവും കനത്ത സുരക്ഷയിൽ. സംഘർഷത്തിന് അയവു വന്നെങ്കിലും നട അടയ്ക്കും വരെ ശബരിമലയിൽ നിരോധനാജ്ഞ തുടരും.

2. ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കരുത് എന്ന നിലപാട് സി.പി.എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിന് എതിരെ പ്രതിഷേധം ശക്തമാക്കി എൻ.എസ്.എസ്. കേരളത്തിൽ നിരീശ്വരവാദം നടപ്പാക്കാൻ സി.പി.എമ്മിന് നിഗൂഢ അജണ്ടയാണ് ഉള്ളതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.


3. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച പരികർമ്മികളോട് വിശദീകരണം ചോദിച്ച നടപടിയിൽ പ്രതിഷേധവുമായി പന്തളം രാജകൊട്ടാരം. ദേവസ്വം ബോർഡ് നടപടി ദൗർഭാഗ്യകരം. പരികർമ്മികൾക്ക് ആചാരം പാലിക്കാൻ ബാധ്യതയുണ്ട് എന്നും പന്തളം രാജ കൊട്ടാര പ്രതിനിധി. സന്നിധാനത്തേക്ക് പൊലീസ് സംരക്ഷണയിൽ സ്ത്രീകളെ കൊണ്ടുവന്നതിൽ ദുരൂഹതയുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം എന്നും പന്തളം കൊട്ടാരം. പരികർമ്മികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി മാളികപ്പുറം മേൽശാന്തിയും രംഗത്ത് എത്തിയിരുന്നു.

4. ദേവസ്വം ബോർഡിന് എതിരെ പന്തളം കൊട്ടാരം രംഗത്ത് എത്തിയത്, പ്രതിഷേധിച്ച പരികർമ്മികളുടെ പേര് നൽകാൻ ശബരിമല, മാളികപ്പുറം മേൽശാന്തിമാരോട് ബോർഡ് നിർദ്ദേശിച്ചതിന് പിന്നാലെ. തന്ത്രിമാർ സമരമുഖത്ത് എത്തരുത് എന്ന് ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസ്. പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണം എന്നില്ല. സ്ത്രീകൾ വന്നാൽ നട അടയ്ക്കും എന്ന സമീപനം കോടതി അലക്ഷ്യം. പരികർമ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തി എന്നും കെ.പി. ശങ്കർദാസ്

5. അതിനിടെ, സ്ത്രീപ്രവേശനത്തിൽ ശബരിമലയിൽ വീണ്ടും പ്രതിഷേധം. സന്നിധാനത്ത് ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീയെ തടയാൻ ശ്രമിച്ചു. ദർശനത്തിന് എത്തിയത് തിരുച്ചിറപ്പള്ളി സ്വദേശി ലത. പ്രതിഷേധത്തെ തുടർന്ന് തീർത്ഥാടകയ്ക്ക് പൊലീസ് സംരക്ഷണയിൽ ദർശനം അനുവദിച്ചു. രണ്ടാം തവണയാണ് ശബരിമലയിൽ ദർശനത്തിന് എത്തുന്നത് എന്നും തീർത്ഥാടക. അതേസമയം, വിശ്വാസികളായ സ്ത്രീകൾ എത്തിയാൽ സൗകര്യം ഒരുക്കും എന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്.

6. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. ദിലീപ് അവസരം നിഷേധിച്ചു എന്ന് ആക്രമണത്തിന് ഇരയായ നടി പരാതിപ്പെട്ടിട്ടുണ്ട് എന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി. നടിയുടെ പരാതിയിൽ വാസ്തവം ഉണ്ടെന്ന് തോന്നിയതായും പൊലീസിന് നൽകിയ മൊഴിയിൽ ഇടവേള ബാബു. നടിയുടെ പരാതിയെ കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത് എന്തിനാണ് എന്ന് ദിലീപ് ചോദിച്ചതായും ഇടവേള ബാബു.

7. ഇരയായ നടിയും കാവ്യയും തമ്മിൽ അമ്മ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ വഴക്ക് ഉണ്ടായി. നടൻ സിദ്ദീഖ് ഇടപെട്ട് പ്രശ്നം പരിഹരിച്ചതായും ഇടവേള ബാബു. കഴിഞ്ഞ ദിവസം ഡബ്ല്യൂ.സി.സി ഉന്നയിച്ച ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഇടവേള ബാബുവിന്റെ മൊഴി. നടൻ സിദ്ദീഖും കേസിൽ നേരത്തെ സമാനമായ മൊഴി നൽകിയിരുന്നു. അമ്മയിൽ നിന്ന് ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയതായി അമ്മ പ്രസിഡന്റ് മോഹൻലാൽ മാദ്ധ്യമങ്ങളോട് പറഞ്ഞത് ഇന്നലെ.

8. ഇന്ത്യ വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ. ഗുവാഹത്തിയിൽ മത്സരം തുടങ്ങുന്നത് ഉച്ചയ്ക്ക് ഒന്നരയ്ക്ക്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ലക്ഷ്യമിടുന്നത് സമ്പൂർണ വിജയം. ഏഷ്യാ കപ്പ് കിരീട നേട്ടത്തിന് ശേഷമുള്ള ഇന്ത്യൻ ടീമിലേക്ക് നായകൻ വിരാട് കൊഹ്ലി മടങ്ങിയെത്തും. ഭുവനേശ്വർ കുമാറിനും ബുംറയ്ക്കും വിശ്രമം നൽകിയ സാഹചര്യത്തിൽ പേസ് ബൗളർമാരായി മുഹമ്മദ് ഷമിയും ഉമേഷ് യാദവും ടീമിലെത്തും. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് ഇന്ത്യ ഏകദിനത്തിൽ അരങ്ങേറ്റം നൽകിയേക്കും. ക്രിസ് ഗെയ്ൽ ഇല്ലാതെ എത്തുന്ന വിൻഡീസ് ടീമിനെ നയിക്കുന്നത് ജേസൺ ഹോൾഡർ.