khashoggi

റിയാദ് : പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് മർദ്ദനമേറ്റ് കൊല്ലപ്പെട്ടതായി ഒടുവിൽ സൗദി അറേബ്യ സ്ഥിരീകരിച്ചു. സൗദിയിൽ അധികാരമേറ്റ യുവരാജാവ് മുഹമ്മദ് ബിൻ സൽമാനെ ഭയന്ന് ഒരുവർഷം മുമ്പ് അമേരിക്കയിൽ അഭയം തേടിയ ഖഷോഗി വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായിരുന്നു.

ഒക്ടോബർ 2 മുതലാണ് കാണാതായത്. ഖഷോഗിയുടെ അപ്രത്യക്ഷമാകലുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്നുമുതൽ സൗദി പറഞ്ഞിരുന്നത്. എന്നാൽ, ഉറ്റ സുഹൃത്ത് അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇപ്പോൾ കുറ്റസമ്മതം നടത്താൻ അവരെ പ്രേരിപ്പിച്ചത്. ഔദ്യോഗിക വാർത്താ ചാനലിലൂടെയാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവിയടക്കം രണ്ടു പേരെ സൗദി പുറത്താക്കി. കൊലപാതകം നടത്തിയതായി സംശയിക്കുന്ന 18 പേരെ കസ്റ്റഡിയിലെടുത്തു. സംഭവം അന്വേഷിക്കാൻ സൽമാൻ രാജകുമാരൻ അദ്ധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുമെന്നും സൗദി വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അടുത്ത കൂട്ടാളികളായ ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹമ്മദ് അൽ- അസീറി, റോയൽ കോർട്ട് മാദ്ധ്യമ ഉപദേശകൻ അൽ ഖത്താനി എന്നിവരെയാണ് പുറത്താക്കിയത്.

ഖഷോഗിയുടെ തിരോധാനത്തിനു പിന്നിൽ സൗദിയാണെന്ന് തുടക്കം മുതൽ തുർക്കി ആരോപിച്ചെങ്കിലും സൗദി ഭരണകൂടം നിഷേധിക്കുകയായിരുന്നു. നിർണായക തെളിവുകൾ ലഭിച്ചതായി തുർക്കി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മ‌ൃതദേഹം എവിടെ മറവ് ചെയ്തെന്ന് സൗദി വെളിപ്പെടുത്തിയിട്ടില്ല. തുർക്കിയിലുള്ള ഇടപാടുകാരെ ഏൽപ്പിച്ച് നശിപ്പിക്കാൻ കരാറാക്കിയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്. കോൺസുലേറ്റിൽ നടന്ന ചർച്ചകൾക്കു ശേഷം വാക്കേറ്റമുണ്ടായി. ഇതിനൊടുവിലാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നാണ് സൗദി അറ്റോർണി ജനറൽ ഷെയ്ക്ക് സൗദ് അൽ- മൊജെബ് വ്യക്തമാക്കിയിരിക്കുന്നത്.