ലോസാഞ്ചലസ്:അപ്പൂപ്പന്റെ ചിതാഭസ്മംകൊണ്ട് ബിസ്‌കറ്റുണ്ടാക്കി സുഹൃത്തുക്കളെക്കൊണ്ട് തീറ്റിച്ചു. ലോസാഞ്ചലസിലാണ് സംഭവം. ഒമ്പതുപേരാണ് ബിസ്‌കറ്റുകഴിച്ചത്.
സ്‌കൂളിലേക്ക് വരുന്നവഴിയാണ് പെൺകുട്ടി കൂട്ടുകാർക്ക് ബിസ്‌കറ്റ് നൽകിയത്. ഏറ്റവും അടുത്ത കൂട്ടുകാർക്കുവേണ്ടി പ്രത്യേക ചേരുവകകൾ കൊണ്ടുണ്ടാക്കിയതാണ് ബിസ്‌കറ്റെന്നാണ് പറഞ്ഞത്. അരുചി തോന്നാത്തതിനാൽ കൂട്ടുകാർ നന്നായി കഴിക്കുകയും ചെയ്തു.പക്ഷേ, പെൺകുട്ടി ഒന്നുപോലും കഴിച്ചില്ല. ഏതെങ്കിലും പ്രത്യേക ചെടിയുടെ സത്തോ ഇലകളോ ആയിരിക്കും ബിസ്‌കറ്റിൽ ചേർത്തതെന്നാണ് കൂട്ടുകാർ കരുതിയത്. ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും ചേരുവ വെളിപ്പെടുത്താൻ കുട്ടിതയ്യാറായില്ല.
ബിസ്‌കറ്റ് ഇഷ്ടപ്പെട്ട ചിലർ വീട്ടുകാർക്ക് നൽകാൻ ചോദിച്ചുവാങ്ങിക്കുകയും ചെയ്തു. സ്‌പെഷ്യൽ ചേരുവ എന്താണെന്ന് പറയണമെന്ന് വീണ്ടും കൂട്ടുകാർ നിർബന്ധിച്ചതോടെയാണ് മുത്തച്ഛന്റെ ചിതാഭസ്മമാണ് ബിസ്‌കറ്റിൽ ചേർത്തതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെ ബിസ്‌കറ്റ് കഴിച്ച കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടി. ആർക്കും പ്രശ്നങ്ങളില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കുട്ടിക്ക് ചിതാഭസ്മം എങ്ങനെ കിട്ടിയെന്ന് വ്യക്തമല്ല. കുട്ടിതന്നെയാണ് ബിസ്‌കറ്റ് ഉണ്ടാക്കിയതെന്നാണ് വിവരം. ഈ മാസം ആദ്യം നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.കുട്ടിയുടെ പേരിൽ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ബിസ്‌കറ്റിൽ ചിതാഭസ്മം ചേർത്തിട്ടുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.