novel

ആ ശിരസ്സിനു പിന്നാലെ വീശിയെറിയുന്നതുപോലെ ചന്ദ്രക്കല ആകൃതിയിൽ രക്തത്തുള്ളികളും പറന്നുവന്നു...ശിരസ്സുരുണ്ട് പരമേശ്വരൻ കിടന്നിരുന്ന കുഴിയിലേക്കു വീണു.
''ഈശ്വരാ.. ചതിച്ചല്ലോ..' കണ്ണടച്ചുകൊണ്ട് പരമേശ്വരൻ വിലപിച്ചു.
തൊട്ടു പിന്നാലെ ഒരു ശരീരം കൂടി തറയിൽ പതിക്കുന്ന ഒച്ച. അതിന് അനുബന്ധമായി മറ്റൊരു ശബ്ദം കേട്ടു.
''ഈശ്വരൻ ആരെയും ചതിക്കില്ല പരമേശ്വരാ..'
''ങ്‌ഹേ?' പരമേശ്വരൻ അത്ഭുതത്തോടെ കണ്ണുതുറന്നു.
കുഴിയ്ക്കു മുകളിൽ അയാൾ നിൽക്കുന്നു... കൽക്കി!
''മുസാഫിർ സുബ്രഹ്മണ്യ ഈശോ.'
പരമേശ്വരൻ അയാൾക്കു നേരെ കൈകൂപ്പി.
''നന്ദിയുണ്ട്.. ഒരുപാട്...'
''എന്തിന്?'
അയാൾ പരമേശ്വരനെ കൈപിടിച്ചുയർത്തി കുഴിക്കു മുകളിൽ കയറ്റി.
''ഞാൻ നിങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ലല്ലോ. ചെയ്തത് ഈ നാട്ടിലെ പരശ്ശതം പാവങ്ങൾക്കു വേണ്ടി. അവരുടെ കണ്ണീരിൽ ഉപ്പുരസം കലരാതിരിക്കാൻ. പാവം സ്ത്രീകളുടെ മടിക്കുത്തിൽ പിടി വീഴാതിരിക്കാൻ... ഇനി നിങ്ങളെ ആരും ഒന്നും ചെയ്യില്ല...'
അയാളെ ഒരു ഭാഗത്തേക്കു മാറ്റിയിരുത്തിയിട്ട്, അയാളെ കെട്ടിത്തൂക്കിയിരുന്ന കയർ വലിച്ചെടുത്തു കൽക്കി.
പിന്നെ തറയിൽ കിടന്നിരുന്ന ഏഴുപേരുടെയും കൈകളിൽ അത് വരിഞ്ഞു മുറുക്കി.
തുടർന്ന് കയറിന്റെ അഗ്രം ആ പഴയ കെട്ടിടത്തിന്റെ ഇരുഭാഗങ്ങളിലായി വലിച്ചുകെട്ടി.
''ഇപ്പോൾ ഇവന്മാരെ കണ്ടാൽ നാഷണൽ ഹൈവേയിൽ മനുഷ്യച്ചങ്ങല തീർത്ത് നിൽക്കുകയാണെന്നു തോന്നും. അല്ലേ ചേട്ടാ?'
കൽക്കി, പരമേശ്വരനോടു തിരക്കി. ആ അവസ്ഥയിലും അയാൾക്കു ചിരി വന്നു.
പക്ഷേ എങ്ങനെയൊക്കെ ചിന്തിച്ചിട്ടും രണ്ടു വാളുകളുമായി കുതിച്ചു ചാടിയ ടയർ സാജൻ എങ്ങനെ കഴുത്തറ്റു വീണു എന്നുമാത്രം അയാൾക്കു പിടികിട്ടിയില്ല.
സംഭവിച്ചത് ഇങ്ങനെയാണ്:
കൽക്കിയുടെ മുന്നിൽ പറന്നിറങ്ങിയ സാജൻ 'വി' ആകൃതിയിൽ ഇരുകൈയിലെയും വാൾ വീശി. കൽക്കിയുടെ കഴുത്തിനു നേർക്ക്.
പക്ഷേ വെട്ടുതടഞ്ഞ കൽക്കി ബലമായി അയാളുടെ കൈകൾ പിന്നോട്ടു മടക്കി.
വാളുകളുടെ വായ്ത്തല സാജന്റെ കഴുത്തിന് ഇരുവശത്തും അമർന്നു. പിന്നെ ഒറ്റ വലി...
ചേനത്തട മുറിയുന്നതുപോലെ സാജന്റെ കഴുത്ത് പൂളിപ്പോന്നു.
തറയിൽ ഒരു സെൽഫോണിന്റെ ശബ്ദം.
കൽക്കി തിരിഞ്ഞു.
ശിരസ്സില്ലാത്ത സാജന്റെ കബന്ധത്തിലെ പാന്റിന്റെ പോക്കറ്റിൽ വെളിച്ചം മിന്നുന്നു.
യാതൊരു തിടുക്കവും കൂടാതെ അയാൾ ആ ഫോണെടുത്തു.ഡിസ്പ്‌ളേയിൽ തെളിഞ്ഞ പേരുകണ്ടു. 'സാർ..'
കൽക്കിയുടെ നെറ്റി ചുളിഞ്ഞു.
അയാൾ റിസീവിംഗ് ബട്ടൻ പ്രസ് ചെയ്ത് ഫോൺ കാതിൽ ചേർത്തു.
''സാജാ... ആ കെഴവനെ തീർത്തോ?'' അപ്പുറത്തു നിന്നുള്ള ചോദ്യം.
''തീർത്തു. ഒപ്പം ഞാനും തീർന്നു. എന്റെ ആത്മാവ് ദേ സാറിന്റെ മുന്നിൽ നിൽക്കുന്നു. കാണുന്നില്ലേ?'
അപ്പുറത്തെ ഞെട്ടൽ കൽക്കി തിരിച്ചറിഞ്ഞു.
തൊട്ടടുത്ത നിമിഷം 'സാറി'ന്റെ 'തിമട്ടൽ'...
''ആരാടാ നീ?'
''കൽക്കി. മുസാഫിർ സുബ്രഹ്മണ്യ ഈശോ...'
''ങ്‌ഹേ? എന്നുവച്ചാൽ..'
അപ്പുറത്ത് സംശയം.
''എന്നുവച്ചാൽ നിന്റെ തന്ത. കുഴിമാടത്തിൽ പുഴുവരിച്ച് അളിഞ്ഞു പുളിഞ്ഞുകിടക്കുന്ന കുഷ്ഠരോഗി.'
''എടാ..' പല്ലു ഞറുമ്മുന്ന ശബ്ദം. കൽക്കിയുടെ ഭാവം മാറി.
''നീയും കാത്തിരുന്നോ. ഞാൻ വരും.കോളേജിൽ ഒരു പാവം ചെക്കനെ വെട്ടിയരിഞ്ഞതിന്റെ കണക്കു തീർക്കാൻ. അവന്റെ പേരിൽ നിന്റെ നെഞ്ചത്ത് ഒരു റീത്ത് വയ്ക്കാൻ മൈൻഡിറ്റ്.'
കൽക്കി കാൾ മുറിച്ചു. ശേഷം പരമേശ്വരനോടു പറഞ്ഞു.
''ചേട്ടൻ ഇവിടെത്തന്നെ ഉണ്ടാവണം. ഇന്നിവിടെ നടന്നതും ഇന്നലെ കോളേജിൽ നടന്നതുമടക്കം എല്ലാം പോലീസിനോടു പറയുവാൻ.'
''അപ്പോൾ സാറ്..?'
പരമേശ്വരൻ അർത്ഥശങ്കയിൽ നിർത്തി.
''സാറല്ല. കൽക്കി. എനിക്കു പോയേ പറ്റൂ. അതിനു മുൻപ് ഒരു ജോലി കൂടിയുണ്ട്.'
അയാൾ, സാജന്റെ ഫോണിലൂടെ എസ്.പി അരുണാചലത്തെ വിളിച്ചു. പെട്ടെന്നു ലൈനിൽ കിട്ടി.
''സാർ... കോളേജ് വാച്ചർ പരേശ്വരൻ ജീവനോടെയുണ്ട്. ഓമല്ലൂരിൽ...' അയാൾ സ്ഥലം പറഞ്ഞു.
''നിങ്ങളാരാണ്?' എസ്.പി തിരക്കി.
''കൽക്കി. മുസാഫിർ സുബ്രഹ്മണ്യ ഈശോ...' പറഞ്ഞതും കൽക്കി ഫോൺ കട്ടു ചെയ്തു.
(തുടരും)