sarkar

ഇളയദളപതി വിജയ് നായകനാകുന്ന ചിത്രം സർക്കാരിന് പുതിയ റെക്കാഡ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറ്റവും വേഗത്തിൽ 10 ലക്ഷം ലൈക്ക് നേടിയാണ് റെക്കാഡ് സൃഷ്‌ടിച്ചത്. ഇക്കാര്യത്തിൽ വേൾഡ് പ്രീമിയറായ 'അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറി'നെയാണ് ഈ വിജയ് ചിത്രം പഴങ്കഥയാക്കിയത്.

അവഞ്ചേർസ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്‌സ് വെറും നാല് മണിക്കൂറുകൾ കൊണ്ടാണ് സർക്കാർ സ്വന്തമാക്കിയത്. വെറും 294 മിനിട്ട് മാത്രമാണ് 10 ലക്ഷം ലൈക്കിലെത്താൻ സർക്കാരിന് വേണ്ടിവന്നത്. 1.1മില്യൺ ലൈക്‌സ് ആണ് സർക്കാർ ടീസറിന് ലഭിച്ചിരിക്കുന്നത്. അവഞ്ചേർസ് ഇൻഫിനിറ്റി വാർ ട്രെയിലറിന്റെ ലൈക്‌സ് ഇതുവരെ വരെ ലൈക്‌സ് 3.3 മില്യൺ ആണ്.

'തുപ്പാക്കി'ക്കും 'കത്തി'ക്കും ശേഷം ഇളയദളപതിയും എ.ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സർക്കാർ. കീർത്തി സുരേഷ്, വരലക്ഷ്‌മി ശരത്കുമാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന സിനിമയുടെ സംഗീതം നിർവഹിക്കുന്നത് എ.ആർ.റഹ്‌മാനാണ്. ദീപാവലി റിലീസായി ചിത്രം തിയേറ്റ‌റുകളിലെത്തും.