ചർമ്മസൗന്ദര്യത്തിന് അധിക പ്രാധാന്യം കൊടുക്കുന്ന കാലഘട്ടമാണ് ഇപ്പോൾ. അതിനാൽ സൗന്ദര്യ വർദ്ധന ഉപാധികളുടെ വ്യവസായം വളരെ വിപുലമാവുകയും ക്രമാതീതമായി വളരുകയും ചെയ്യുന്നു. എന്നാൽ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പലതിനും കാര്യമായ പ്രയോജനം ഇല്ലെന്നതാണ് സത്യം. ഫേഷ്യൽ മാസ്‌കുകൾ ഉണങ്ങുമ്പോൾ ത്വക്കിന്റെ മുറുക്കം കൂടുകയും മുഖത്താകെ ഒരു ഉണർവ് തോന്നിപ്പിക്കുകയും ചെയ്യും. ആസ്ട്രിജന്റ്സിൽ ജലവും ആൽക്കഹോളും അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിലുള്ള സുഷിരങ്ങളെ ചെറുതാക്കുകയും രക്തചംക്രമണം കൂട്ടുകയും ചെയ്യും.സ്‌ക്രബിംഗ് ഏജന്റ്സ് തൊലിയുടെ പുറം പാളികൾ അടർത്തി താഴെയുള്ള പുതു ചർമ്മത്തിന് ഒരു തെളിച്ചം നൽകുന്നു. തൊലിക്ക് തണുപ്പും നവോന്മേഷവും കൈവന്നതുപോലെ അനുഭവപ്പെടാം. പക്ഷേ ഇതെല്ലാം താത്കാലികം മാത്രമാണ്. നീണ്ടുനിൽക്കുന്ന സൗന്ദര്യം നൽകുന്ന വസ്തുക്കൾ എന്നത് ഒരു മിഥ്യ തന്നെയാണ്.
ഈർപ്പം സംരക്ഷിക്കുക
ജലമാണ്, ചർമ്മ സൗന്ദര്യം ഒരളവുവരെ നിയന്ത്രിക്കുന്നത്. കുളി കഴിഞ്ഞ ഉടനെ, ചർമ്മത്തിലെ ജലാംശം നിലനിർത്താനുള്ള ലേപനങ്ങൾ പുരട്ടുന്നത്, ത്വക്കിന്റെ കാന്തി നിലനിറുത്താൻ സഹായിക്കുന്നു. പക്ഷേ കൂടുതൽ ഉപയോഗിച്ചാൽ കുരുക്കൾ ഉണ്ടാകാനിടയുണ്ട്.എണ്ണയും വെള്ളവും അടങ്ങിയിട്ടുള്ള കോൾഡ് ക്രീമുകൾ മോയ്സ്ചറൈസറുകൾ ഇവയൊക്കെ ത്വക്കിന്റെ ഭംഗി നിലനിറുത്താൻ സഹായിക്കുന്നവയാണ്.ലാ്ര്രകിക് ആസിഡ്, യൂറിയ ഇവ അടങ്ങിയ ലേപനങ്ങൾ ചർമ്മത്തിലെ ജലാംശം കൂടുതൽ സമയം നിലനിറുത്താൻ സഹായിക്കുന്നവയാണ്. കറ്റാർ വാഴയുടെ മാംസളഭാഗങ്ങൾ, വൈറ്റമിൻ ഇ അടങ്ങിയ ക്രീമുകൾ ഇവയും ഗുണകരങ്ങളാണ്. എങ്കിലും ചില ലേപനങ്ങൾ തൊലിക്ക് അലർജി ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം. അവരവരുടെ ത്വക്കിന് അനുയോജ്യമായത് ഉപയോഗിക്കുന്നതാണ് നല്ലത്.
ഡോ. ശ്രീരേഖാ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജി
എസ്.യു.ടി പട്ടം,
തിരുവനന്തപുരം
ഫോൺ: 0471 4077777