റിയാദ്: ഒക്ടോബർ രണ്ടിന് ഈസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് അറബ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കാണാതായത്. തിരോധാനവുമായി ബന്ധപ്പെട്ട് സൗദിക്കുനേരെ ചോദ്യ ശരങ്ങളുയർന്നു. തുടക്കം മുതൽ സംഭവത്തിൽ പങ്കില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സൗദിയുടെ വിശദീകരണം. പലതവണ മാറ്റി നെയ്ത കള്ളക്കഥകൾക്കൊടുവിൽ ഇന്നലെ സൗദിക്ക് സത്യം പറയേണ്ടിവന്നു. ഒക്ടോബർ 3: ഖഷോഗി കോൺസുലേറ്റ് സന്ദർശിച്ച് മടങ്ങിപ്പോയെന്ന് സൗദി ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട്. ഖഷോഗിയെ പറ്റി ആർക്കും ഒന്നും അറിയില്ലെന്ന് അതേ ദിവസം ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. '' ഖഷോഗിക്ക് എന്തുപറ്റി എന്നതിനെ കുറിച്ചുള്ള നുണകൾ കേൾക്കുന്നു. അദ്ദേഹം ഒരു സൗദി പൗരനാണ്. അതിനാൽ ഖഷോഗിക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ സൂക്ഷ്മമായി അന്വേഷിച്ചു വരികയാണ്. തുർക്കിയുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട് " -മുഹമ്മദ് ബിൻ സൽമാൻ ഒക്ടോബർ 4: കോൺസുലേറ്റ് വിട്ടതിനുശേഷം ഖഷോഗിക്ക് എന്തു സംഭവിച്ചു എന്നറിയാനായി തുർക്കി പ്രാദേശിക ഭരണകൂടവുമായി തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സൗദി കോൺസുലേറ്റ് പ്രസ്താവന. ഒക്ടോബർ 7: ഖഷോഗി കോൺസുലേറ്റിൽ വച്ച് കൊല്ലപ്പെട്ടെന്നും സൗദിയിൽ നിന്നുള്ള 15 അംഗ സംഘം ഒക്ടോബർ രണ്ടിന് കോൺസുലേറ്റ് സന്ദർശിച്ചെന്നുമുള്ള റോയിട്ടേഴ്സിന്റെ റിപ്പോർട്ട് തള്ളി സൗദി. അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് വിശദീകരണം ഒക്ടോബർ 9: ഖഷോഗി കോൺസുലേറ്രിൽ വച്ച് കൊല്ലപ്പെട്ടെന്ന വിവരം തെറ്രും അടിസ്ഥാന രഹിതവുമാണെന്ന് അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ വിശദീകരണം ജമാലിന് രാജകുടുംബത്തിൽ നിരവധി സുഹൃത്തുക്കളുണ്ട്. എനിക്കും അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. സ്വന്തം മരണം അദ്ദേഹം സ്വയം വരിച്ചതാകാം. -ഖാലിദ് ബിൻ സൽമാൻ ഒക്ടോബർ 16: ഖഷോഗിയുടെ തിരോധാനത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സൗദി രാജാവ് സൽമാൻ അബ്ദുൾ അസീസ് സൗദും മകൻ മുഹമ്മദ് ബിൻ സൽമാനും യു.എസ് പ്രസിഡന്റ് ട്രംപിനോട് വ്യക്തമാക്കി. ഒക്ടോബർ 19: കോൺസുലേറ്രിനകത്തുവച്ചുണ്ടായ വഴക്കിനും കൈയാങ്കളിക്കുമൊടുവിൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദി.