ആദ്യ ചിത്രത്തിന്റെ അനൗൺസ്മെന്റ് വന്നപ്പോൾതന്നെ രണ്ടാമത്തെ ചിത്രവും തേടിയെത്തി. രണ്ടും സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ. ഒരു പുതുമുഖ നായികയ്ക്ക് സ്വപ്നം കാണാവുന്നതിലും ഏറെ വലിയ ഭാഗ്യമാണ് ശ്രീസംഖ്യ എന്ന ശ്രീമയിയെ തേടി എത്തിയത്. അതെല്ലാം അമ്മയുടെ അനുഗ്രഹങ്ങളാണെന്ന് വിശ്വസിക്കാനാണ് ശ്രീക്ക് ഇഷ്ടം. മലയാളികളെ കുടുകുടെ ചിരിപ്പിച്ച കൽപ്പനയുടെ മകളാണ് ശ്രീസംഖ്യ. തന്റെ അഭിനയമോഹത്തെക്കുറിച്ചും അമ്മയെക്കുറിച്ചും സിനിമ വിശേഷങ്ങളെക്കുറിച്ചും ശ്രീസംഖ്യ കേരളകൗമുദി ഫ്ളാഷിനോട് സംസാരിച്ചു.
അമ്മയില്ലാത്ത രണ്ടു വർഷം?
അത് വലിയൊരു കാലയളവ് തന്നെയാണ്. അമ്മയെ ഞാൻ മിനുവെന്നാണ് വിളിച്ചിരുന്നത്. കുട്ടിക്കാലം മുതൽ അമ്മൂമ്മയെ (കൽപ്പനയുടെ അമ്മ) ആണ് അമ്മയെന്ന് വിളിച്ചത്. ഞാനും മിനുവും സഹോദരിമാരെപ്പോലെയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു വന്നാൽ തരുന്നൊരു കെയർ ഉണ്ട്. മിനു ചെയ്തിരുന്ന പല ഉത്തരവാദിത്തങ്ങളും ഇപ്പോൾ ഞാനേറ്റെടുത്തിരിക്കുകയാണ്. ഒരിക്കലും പകരമാവില്ല എന്നറിഞ്ഞു കൊണ്ടുതന്നെ. ഒരാൾ നമ്മളിലുണ്ടാക്കിയിരുന്ന സ്വാധീനം എത്രയാണെന്ന് അവർ ഇല്ലാതാകുമ്പോഴാണ് നമ്മൾ തിരിച്ചറിയുക. സിനിമയെക്കാൾ ഇരട്ടി തമാശയിലാണ് മിനു എനിക്കും അമ്മയ്ക്കുമിടയിൽ ജീവിച്ചത്. ഇന്നും എവിടെ ചെന്നാലും മിനുവിനെക്കുറിച്ചാണ് ആളുകൾ സംസാരിക്കുന്നത്. അത്രയും സ്നേഹം മിനുവിന് കിട്ടിയിരുന്നു. ഒരിക്കലും ഞങ്ങളെ വിട്ട് മിനു പോയെന്ന് വിചാരിക്കുന്നില്ല. ഒപ്പമുണ്ടെന്ന് തന്നെയാണ് കരുതുന്നത്. മിനുവിന്റെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ നോക്കുന്നത് ഞാൻ കാർത്തുവെന്ന് വിളിക്കുന്ന വല്യമ്മ കലാരഞ്ജിനിയാണ്. ഒന്നിനും ഒരു കുറവുമില്ലാതെ അമ്മയും കാർത്തുവും പൊടിയമ്മയും (ഉർവശി) ശ്രദ്ധിക്കുന്നുണ്ട്.
സിനിമയിലേക്കുള്ള പ്രവേശനം അപ്രതീക്ഷിതമായിരുന്നല്ലോ?
മിനു പോയ ശേഷമാണ് സിനിമയിൽ അഭിനയിക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. കാർത്തുവും പൊടിയമ്മയും മിനുവുമൊക്കെ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം എത്ര വലുതാണെന്ന് ഇപ്പോഴെനിക്ക് മനസിലാകുന്നു. അവരെപ്പോലെ വലിയ നടിയാകണം എന്നാണ് ആഗ്രഹം. എത്രത്തോളം വിജയിക്കാൻ കഴിയുമെന്ന് അറിയില്ല. എന്റെ ആഗ്രഹം അറിഞ്ഞ് അമ്മ ഒന്നും പറഞ്ഞില്ല. കാർത്തു ഒരു നിബന്ധന മാത്രം മുന്നോട്ടുവച്ചു. അഭിനയിച്ചോ പ്രശ്നമില്ല. പക്ഷേ പഠിത്തം പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല. അത് ഞാൻ അംഗീകരിച്ചു. പൊടിയമ്മ പ്രത്യേകിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല. എന്റെ ഇഷ്ടത്തിനു വിട്ടു. അതിനിടെയാണ് ആദ്യ സിനിമയുടെ അവസരം തേടി എത്തിയത്. സുമേഷ് ലാൽ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ച് മക്കളും എന്ന ചിത്രത്തിൽ ഞാനെത്തുന്നത് അങ്ങനെയാണ്. ടൈറ്റിൽ റോളായിരുന്നു. കഥ പറയുമ്പോൾ തന്നെ വളരെ ഇഷ്ടമായി.
ഷൂട്ടിംഗ് തുടങ്ങും മുൻപുതന്നെ രണ്ടാമത്തെ ചിത്രത്തിലൊപ്പിട്ടു?
അതൊരു ഭാഗ്യമായി കരുതുന്നു. സസ്ലി കബീർ സംവിധാനം ചെയ്യുന്ന മോളിക്കുട്ടീ സ്വയംവരം എന്ന ചിത്രത്തിലാണ് അഭിനയിക്കാൻ അവസരം ലഭിച്ചത്. ടൈറ്റിൽ കഥാപാത്രമായ മോളിക്കുട്ടിയായാണ് എത്തുന്നത്. സംവിധായകൻതന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്കൈ ഹൈ എന്റർടെയ്ൻമെന്റ്സാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കും. അതിനു ശേഷമാണ് ആദ്യ ചിത്രമായ കുഞ്ചിയമ്മയുടെ ചിത്രീകരണം ആരംഭിക്കുക. മോളിക്കുട്ടിയും ഒരു വനിതാ കേന്ദ്രീകൃത സിനിമയാണ്. മറ്റു താരങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ തന്നെ പുറത്തുവിടും.
പഠിത്തം, ഇഷ്ടങ്ങൾ?
ചെന്നൈയിലാണ് പഠിച്ചത്. ഇടയ്ക്ക് കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. അപ്പോൾ അവിടത്തെ സ്കൂളിലായി പഠനം. പിന്നീട് ബിരുദ പഠനത്തിനായി വീണ്ടും ചെന്നൈയിലെത്തി. ഇപ്പോൾ ചെന്നൈ എസ്.ആർ.എം കോളേജിൽ ബി.എസ് സി വിഷ്വൽ കമ്മ്യൂണിക്കേഷൻ രണ്ടാംവർഷ വിദ്യാർത്ഥിനി. യാത്ര ചെയ്യാൻ ഇഷ്ടമാണ്. അടുത്ത സുഹൃത്തുക്കൾ അമ്പോറ്റി ചേട്ടനും (കലാരഞ്ജിനിയുടെ മകൻ) കുഞ്ഞാറ്റയും (ഉർവശിയുടെ മകൾ) അമ്മാവന്റെ മകനുമൊക്കെ തന്നെയാണ്. ഞങ്ങൾ ഒത്തുചേർന്നാൽ പിന്നെ ഭയങ്കര രസമാണ്. അടുത്ത തലമുറയിൽ നിന്ന് ആദ്യം സിനിമയിലെത്തുന്ന ആളാണ് ഞാൻ. അവരും ഈ മേഖലയിൽ തന്നെ വരണമെന്നാണ് എന്റെ ആഗ്രഹം. വളരെ ഒതുങ്ങിയ ടൈപ്പാണ് ഞാൻ. സിനിമയിൽ ഈ സ്വഭാവം വച്ച് എങ്ങനെ അഭിനയിക്കുമെന്ന് കുഞ്ഞാറ്റയൊക്കെ ചോദിച്ചിട്ടുണ്ട്. ആരോഗ്യപരമായ ഭക്ഷണം വലിയ ഇഷ്ടമാണ്.