lulu
അബുദാബി മുബദല ഇൻവെസ്‌റ്ര്‌മെന്റ്

 മുബദല ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തി

അബുദാബി: ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ അബുദാബി മുബദല സംഘം സംസ്ഥാന സർക്കാരുമായുള്ള നിക്ഷേപ ചർച്ചകൾക്കായി ഉടൻ കേരളത്തിലെത്തും. യു.എ.ഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്‌ചയിലാണ് അവർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾക്ക് ഗതിവേഗം പകരുന്ന അനുകൂല നയങ്ങളാണ് സർക്കാർ പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പെട്രോകെമിക്കൽ കോംപ്ളക്‌സ്, ഡിഫൻസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക്, ഭക്ഷ്യ സംസ്‌കരണ കേന്ദ്രം തുടങ്ങിയ മേഖലകൾ നിക്ഷേപത്തിന് അനുയോജ്യമാണെന്നും നിക്ഷേപകർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നും ചർച്ചയിൽ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ പറഞ്ഞു. വ്യോമയാനം, കൃഷി, ഡിസ്‌ട്രിക്‌ട് കൂളിംഗ് സംവിധാനം, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിന് താത്പര്യമുണ്ടെന്ന് മുബദല സംഘം വ്യക്തമാക്കി. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിന് 300 ഏക്കർ സ്ഥലം ലഭ്യമാണെന്ന് ഡോ. ഇളങ്കോവൻ പറഞ്ഞു.

മുബദല എയറോസ്‌പേസ് സി.ഇ.ഒ ഖാലിദ് അൽ ഖുബൈസി, പെട്രോകെമിക്കൽസ് ഡയറക്‌ടർ ഖൽ ഫാൻ സൗദ് ഖംസി, മെറ്റീരിയൽ ആൻഡ് മൈനിംഗ് ഡയറക്‌ടർ മുഹമ്മദ് സുവൈദി, ഗവൺമെന്റ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഹിന്ദ് അൽ ഖാസിമി, എയറോസ്‌പേസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീധർ എസ്. അയ്യങ്കാർ, പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

 മുബദല സംഘം

30ലേറെ രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള നിക്ഷേപക സംഘം. 22,600 കോടി ഡോളറിന്റെ ആസ്‌തിയുണ്ട്. അബുദാബി കിരീടാവകാശി ഷെയ്‌ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചെയർമാൻ.