കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് 89 വോട്ടിന് പരാജയപ്പെട്ട ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അന്തിമവാദം പൂർത്തിയാകാനിരിക്കെയാണ് പി.ബി. അബ്ദുൾ റസാഖിന്റെ ആകസ്മിക വിയോഗം.
കള്ളവോട്ട് നടന്നു എന്നാരോപിച്ച് കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് വിധി ചോദ്യം ചെയ്ത് ഹർജി നൽകുകയായിരുന്നു. മരിച്ചവരുടെയും സ്ഥലത്തില്ലാത്ത 259 വോട്ടർമാരുടെയും പേരിൽ അബ്ദുൾ റസാഖിന് അനുകൂലമായി കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം.കോടതി അമ്പതോളം പേർക്ക് നോട്ടീസ് അയയ്ക്കുകയും ഇതിൽ ഏതാനും പേർ മൊഴി നൽകുകയും ചെയ്തു. പക്ഷേ, അന്തിമവിധിക്ക് കാക്കാതെ അബ്ദുൾ റസാഖ് മടങ്ങി.
നേമത്തിനൊപ്പം കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു രണ്ടുവർഷം മുമ്പ് മഞ്ചേശ്വരത്ത് നടന്നത്. നേമത്ത് വിജയിച്ചു കയറിയ ഒ. രാജഗോപാൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് അക്കൗണ്ട് തുറന്നു. മഞ്ചേശ്വരത്തെ ഫോട്ടോ ഫിനിഷിൽ മുസ്ലിംലീഗിലെ അബ്ദുൾ റസാഖ് 89 വോട്ടുകൾക്ക് വിജയിച്ചു. 56,870 വോട്ട് അബ്ദുൾ റസാഖിന് ലഭിച്ചപ്പോൾ സുരേന്ദ്രന് 56781 വോട്ടു കിട്ടി. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സി.പിഎമ്മിലെ സി.എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടാണ് ലഭിച്ചത്. 2011ൽ 5828 വോട്ടിനാണ് കെ. സുരേന്ദ്രനെ അബ്ദുൾ റസാഖ് പരാജയപ്പെടുത്തിയത്.
1987 മുതൽ തുടർച്ചയായി നാലു തവണ ചെർക്കളം അബ്ദുള്ള വിജയിച്ച മണ്ഡലം 2006 ൽ സി. എച്ച്. കുഞ്ഞമ്പുവിലൂടെ സി.പി.എം തിരിച്ചുപിടിച്ചിരുന്നു. കുഞ്ഞമ്പു 4829 വോട്ടിന് ബി.ജെ.പിയിലെ നാരായണ ഭട്ടിനെ തോൽപ്പിച്ചപ്പോൾ ചെർക്കളം മൂന്നാം സ്ഥാനത്തേക്ക് പോയി. ആ സീറ്റ് വീണ്ടെടുക്കുകയായിരുന്നു അബ്ദുൾ റസാഖ്.
89 ഭാഗ്യനമ്പർ
തിരഞ്ഞെടുപ്പ് വിജയത്തിന് കാരണമായ 89 ഭാഗ്യ നമ്പരായാണ് അബ്ദുൾ റസാഖ് കണ്ടത്. പുതിയ കാർ വാങ്ങിയപ്പോൾ 89 നമ്പർ തന്നെ സ്വന്തമാക്കുകയും ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി ആത്മാർത്ഥതയോടെ പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ അടക്കം തുളുനാടിന്റെ ശബ്ദം നിയമസഭയിൽ അദ്ദേഹം നിരന്തരം ഉയർത്തി.