ചെന്നൈ : മതാചാരങ്ങളിൽ കോടതി ഇടപെടുന്നത് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മയിലാപൂർ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യർ സ്ഥാനമേൽക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് വി. പാർത്ഥിപൻ, ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി എന്നിവരടങ്ങുന്ന ബെഞ്ചാണ് യമുനാചാര്യർക്കെതിരായ കേസ് പരിഗണിച്ചത്.
മഠത്തിലെ അനുയായി കൂടിയായ എസ്. വെങ്കട്ട വരദനാണ് യമുനാചാര്യരുടെ സ്ഥാനാരോഹണത്തിനെതിരെ കോടതിയെ സമീപിച്ചത്. മഠാധിപതിയുടെ സ്ഥാനാരോഹണ ചടങ്ങ് നീട്ടി വയ്‌ക്കണമെന്ന വാദം തള്ളിയ കോടതി ലക്ഷക്കണക്കിന് ആൾക്കാർ കാത്തിരിക്കുന്ന ഒരു ചടങ്ങ് നീട്ടി വയ്‌ക്കാനാകില്ലെന്ന് വ്യക്തമാക്കി.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി കേരളത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരിക്കെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഇത്തരത്തിലുള്ളൊരു പരാമർശമെന്നത് ശ്രദ്ധേയമാണ്.