manju-dalit

പമ്പ: കനത്ത മഴയും പ്രതികൂല സാഹചര്യവും കണക്കിലെടുത്ത് ശബരിമലയിലേക്ക് കയറാനുള്ള അനുമതി പൊലീസ് നിഷേധിച്ചതോടെ കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് മഞ്ജു തന്റെ തീരുമാനം പിൻവലിച്ച് മടങ്ങി. ചാത്തന്നൂർ സ്വദേശിയായ മഞ്ജുവിന്റെ ക്രിമിനൽ പശ്ചാത്തലം കൂടി പരിശോധിക്കണമെന്നും തിരക്ക് കാരണം ഇന്ന് മലകയറാൻ അനുവദിക്കില്ലെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിശ്വാസിയായ തനിക്ക് മല ചവിട്ടാൻ അനുമതി നൽകണമെന്ന ആവശ്യത്തിൽ തന്നെ ഇവർ ഉറച്ച് നിന്നിരുന്നു. പിന്നീട് ഏത് സാഹചര്യത്തിലാണ് ഇവർ മടങ്ങിയതെന്ന് വ്യക്തമല്ല. വൈകുന്നേരം ആറേകാലോടെയാണ് പൊലീസ് സുരക്ഷയിൽ ഇവരെ ചാത്തന്നൂരിലെ വീട്ടിലേക്ക് കൊണ്ടുപോയത്.

ശനിയാഴ്‌ച വൈകിട്ട് മൂന്നോടെയാണ് ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായി മഞ്ജു പമ്പ പൊലീസ് സ്‌റ്റേഷനിലെത്തുന്നത്. നിലവിലെ സാഹചര്യങ്ങൾ അനുസരിച്ച് ഇപ്പോൾ സന്നിധാനത്തേക്ക് പോകാനാവില്ലെന്ന് പൊലീസ് മറുപടി നൽകിയെങ്കിലും ഇവർ പിന്മാറിയില്ല. പിന്നീട് എ.ഡി.ജി.പി അടക്കമുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇവരെ സന്നിധാനത്തേക്ക് കൊണ്ടുപോകാമെന്ന തീരുമാനത്തിലെത്തി. ഇതറിഞ്ഞ് സന്നിധാനത്ത് ഉൾപ്പെടെ പ്രതിഷേധം ശക്തമായി.

ഇതിനിടെ മഞ്ജുവിനെതിരെ 31 ക്രിമിനൽ കേസുകൾ ഉണ്ടെന്ന വിവരം ലഭിച്ചതോടെ മറ്റ് കാര്യങ്ങൾ കൂടി അന്വേഷിച്ച ശേഷം സന്നിധാനത്തേക്ക് കൊണ്ടുപോയാൽ മതിയെന്ന് പൊലീസ് തീരുമാനിച്ചു. പ്രതികൂല കാലാവസ്ഥയും തിരക്കും കാരണം ഇന്ന് ശബരിമലയിലേക്ക് പോകുന്നതിനുള്ള സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് ഇവരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജു മടങ്ങിയത്. എന്നാൽ പൊലീസ് വാഹനത്തിൽ കയറുന്നതിനിടയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ മഞ്ജു തയ്യാറായില്ല. ശബരിമലയിലേക്ക് പോകാൻ തനിക്ക് താത്പര്യമില്ലെന്ന് ഇവർ പൊലീസിന് എഴുതി നൽകിയെന്നാണ് വിവരം.