കൊച്ചി:ശബരിമലയിൽ യുദ്ധം തുടർന്നാൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകനായി അയ്യപ്പൻ മാറുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. വിശ്വാസികൾക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും വിധിയെ തടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പനെയും തന്ത്രിയെയും മാളികപ്പുറത്തമ്മയെയും സംസ്ഥാന സർക്കാർ അപമാനിക്കുന്നത് തുടർന്നാൽ കേരളം മുഴുവൻ 144 പ്രഖ്യാപിക്കേണ്ട അവസ്ഥ വരുമെന്നും ശബരിമല തോന്നുന്നത് പോലെ തുറക്കാമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ എ.കെ.ജി സെന്റർ വിശ്വാസികൾ അടപ്പിക്കുമെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
ഓരോ ദിവസവും ഓരോ തന്ത്രങ്ങളുമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും സർക്കാരും വരുന്നത്. രാഷ്ട്രീയ അടവുനയം ശബരിമലയിൽ വേണ്ട. ദേവസ്വം ബോർഡുകളെ സർക്കാർ കൈയിലെ കളിപ്പാവയാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചി ദേവസ്വം ബോർഡിൽ സി.ഐ.ടി.യുക്കാരെയണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്ത്യൻ, മുസ്ലിം യുവതികളെ ശബരിമല കയറ്റാൻ കൊണ്ടുവന്നവർ ഇന്നു ദളിത് യുവതിയുമായാണ് വന്നിരിക്കുന്നത്. സവർണ, അവർണ സംഘർഷമുണ്ടാക്കാനാണ് സർക്കാർ ശ്രമം- ഗോപാലകൃഷ്ണൻ പറഞ്ഞു.
ശബരിമലയിലെ ക്രമസമാധാന നില സംരക്ഷിക്കണം എന്നാണു കേന്ദ്ര സർക്കാരിന്റെ സർക്കുലറിലുള്ളത്. ഇതിനെ സർക്കാരും ശിങ്കിടികളും തെറ്റായി വ്യാഖ്യാനിച്ചാണു കലഹമുണ്ടാക്കാൻ ശ്രമിക്കുന്നത്. കോൺഗ്രസിനു ശബരിമല വിഷയത്തിൽ നപുംസക നിലപാടാണുള്ളത്. ഒന്നുകിൽ വിശ്വാസികളുടെ ഒപ്പം നിൽക്കണം. അല്ലെങ്കിൽ നിലപാട് തുറന്നുപറയണം. ഇതു രണ്ടുമില്ലാത്ത കോൺഗ്രസ് ശിഖണ്ഡി സമീപനമാണ് കാണിക്കുന്നതെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.