ന്യൂഡൽഹി: ശബരിമലയിലെത്തിയ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ലേഖിക സുഹാസിനി രാജിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടൊപ്പം നിൽക്കുന്ന പൗരാവകാശ പ്രവർത്തക ടീസ്ത സെതൽവാഡിന്റെ ചിത്രമാണ് സുഹാസിനി എന്ന പേരിൽ പ്രചരിക്കുന്നത്. ''ഇതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ. റിപ്പോർട്ടറുമായി കെട്ടിപ്പിടിച്ചു നിൽക്കുന്ന നേതാവിനെയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്തെന്നു മനസിലായോ?" എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. 2015 ആഗസ്റ്റിൽ മുംബയിലെ ആസാദ് മൈതാനിയിൽ നടന്ന സി.പി.എം റാലിയിൽ ടീസ്ത പങ്കെടുത്തപ്പോഴുള്ള ചിത്രമാണിത്. വ്യാജ ചിത്രമാണെന്ന് തെളിയിക്കുന്ന പോസ്റ്റുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകീർത്തിപ്പെടുത്തുംവിധം തന്റെ പേരിൽ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം സുഹാസിനി പറഞ്ഞിരുന്നു. ശബരിമലയിൽ റിപ്പോർട്ടിംഗിന്റെ ഭാഗമായി പോയതാണെന്നും ആരുടെയും വിശ്വാസം ഹനിക്കാനല്ലെന്നും സുഹാസിനി വ്യക്തമാക്കി. ഒക്ടോബർ 18നാണ് ഇവർ ശബരിമലയിലെത്തിയത്.